
മാഹി: മയ്യഴിയുടെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ ചേംബറിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം. മാഹി ഗവ. ആശുപത്രിയുടെ ഭാഗമായി നിർമ്മിക്കുന്ന ട്രോമ കെയറിന്റെ കെട്ടിട നിർമ്മാണം ഉൾപ്പെടെ പൂർത്തിയാക്കാനുള്ള ടെണ്ടർ നടപടികൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
പള്ളൂർ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ ഏറ്റെടുത്ത സ്ഥലത്ത് കെട്ടിട നിർമ്മാണം തുടങ്ങാനുള്ള പ്രാരംഭ നടപടികൾ ഉടനെ പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. നബാർഡിൽ നിന്നും ആവശ്യമായ വായ്പ ലഭ്യമാക്കി അടുത്ത സാമ്പത്തിക വർഷം തന്നെ കെട്ടിട നിർമ്മാണം പൂർത്തിയാക്കും.
മാഹി രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളേജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകളും നിർമ്മിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളും. ആയൂർവേദ ആശുപത്രിയുടെ മുകളിൽ പുതുതായി കെട്ടിടം പണിയുവാനും പുതിയ ഒ.പി. ഡിപ്പാർട്ട്‌മെന്റ് പ്രവർത്തിപ്പിക്കാൻ നടപടിയുണ്ടാവും.
മാഹി നഴ്സിംഗ് കോളേജ് ഈ അദ്ധ്യയന വർഷം തന്നെ തുടങ്ങും. ആദ്യവർഷം 30 മുതൽ 40 വരെ സീറ്റുകളാണ് ഉണ്ടാവുക. മാഹി ഗവ.എൽ.പി.സ്‌കൂൾ നഴ്സിംഗ് കോളേജിനായി ഉപയോഗിക്കും. പ്രാരംഭ നടപടികൾ തുടങ്ങി. രമേശ് പറമ്പത്ത് എം.എൽ.എ.യുടെ അഭ്യർത്ഥന പ്രകാരം മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പൊതുമരാമത്ത് മന്ത്രി കെ.ലക്ഷ്മി നാരായണ, ആരോഗ്യ സെക്രട്ടറി പങ്കജ് കുമാർ ഝാ, പൊതുമരാമത്ത് സെക്രട്ടറി മണി കണ്ഠൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ശ്രീരാമലു, ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. മുരളി, ആയുഷ് ഡയറക്ടർ ഡോ. ആർ.ശ്രീധർ, ഫിനാൻസ് അണ്ടർ സെ ക്രട്ടറി അർജുൻ രാമകൃഷ്ണൻ, പി.ഡബ്ളിയു.ഡി ചീഫ് എൻജിനിയർ വീരശെൽവം, മാഹി അഡ്മിനിസ്‌ട്രേറ്റർ ശിവരാജ് മീണ, ടൂറിസം ഡയറക്ടർ മുരളി, ആരോഗ്യ ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.പി.ഇസ്ഹാഖ്, ആയുർവ്വേദ കോളേജ് പ്രിൻസിപ്പൽ കൃബേർ സംഗ്, മാഹി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ സുബ്ബരായൻ, പി.പി.രജേഷ് എന്നിവർ പങ്കെടുത്തു.
സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ
ഒരു മാസത്തിനകം
മാഹി ഗവ. ആശുപത്രിയിൽ കൂടുതൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ ഒരു മാസത്തിനകം നിയമിക്കും. മതിയായ മെഡിക്കൽ ഓഫീസർമാരെയും ഉടനെ നിയമിക്കും. മാഹി മഞ്ചക്കൽ ബോട്ട് ഹൗസിൽ ടൂറിസം വകുപ്പിന് കീഴിൽ ഉണ്ടായിരുന്ന ലേ കഫെ റസ്റ്റോറന്റ് നവീകരിച്ച് ഉടനെ പ്രവർത്തനം തുടങ്ങാനും നിർദ്ദേശം നൽകി. മാഹി പുഴയോര നടപ്പാതയുടെ നിർമ്മാണം ബാക്കിയായ കുറച്ച് ഭാഗം ഉടനെ പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.