 
പിലാത്തറ: ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു. അഞ്ചരക്കണ്ടി ക്ഷീരസംഘത്തിലെ കെ.പ്രതീഷാണ് ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിച്ച ക്ഷീരകർഷകൻ (2,60,441 ലിറ്റർ). ബക്കളം ക്ഷീരസംഘത്തിലെ വി.വി.സുലോചനയാണ് വനിതാ കർഷക (86,377 ലിറ്റർ), കൂടുതൽ പാൽ ഉൽപ്പാദിപ്പിച്ച പട്ടികജാതി കർഷകനായി ചിറക്കൽ ക്ഷീരസംഘത്തിലെ എൻ. കുമാരനെ(10,392.1ലിറ്റർ) തിരഞ്ഞെടുത്തു. മികച്ച ഗുണനിലവാരമുള്ള പാൽ സംഭരിച്ചതിനുള്ള അവാർഡ് കോഴിച്ചാൽ ക്ഷീരസംഘത്തിനാണ്. കേളകം ക്ഷീരസംഘമാണ് മികച്ച ആപ്‌കോസ് സംഘം. നോൺ ആപ്‌കോസ് സംഘം അഞ്ചരക്കണ്ടിയാണ്. ഏറ്റവും കൂടുതൽ പാലളന്ന ക്ഷീരസംഘം പ്രസിഡന്റിനുള്ള അവാർഡ് പാടിയോട്ടുചാൽ ക്ഷീരസംഘത്തിലെ ഷിബു സെബാസ്റ്റിയനാണ്. മികച്ച സെക്രട്ടറിക്കുള്ള ക്ഷീരമിത്ര അവാർഡ് ചെറുതാഴം സംഘത്തിലെ കെ.എം.രാധികക്കാണ്. കൂടുതൽ കർഷകരെ ക്ഷീര സാന്ത്വന ഇൻഷൂറൻസിൽ ചേർത്തതിന് നടുവിൽ ക്ഷീരസംഘത്തിനാണ് അവാർഡ്. മുതിർന്ന ക്ഷീര കർഷകക്കുള്ള അവാർഡ് ചെറുതാഴം ക്ഷീരസംഘത്തിലെ പി. നാരായണിക്കാണ്. ക്ഷീരഭവനം സുന്ദരഭവനം ഒന്നാം സമ്മാനം കല്യാശേരി ബ്ലോക്കിലെ ശ്രീകാന്തിനാണ്. ക്വിസ് മൽസരത്തിൽ കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്‌ക്കൂളിനാണ് ഒന്നാം സമ്മാനം. ജില്ലാ ക്ഷീരസംഗമം ലോഗോ ഡിസൈനിംഗിന് പി. ബിജേഷിനാണ് സമ്മാനം. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഒ.സജിനിയും സീനിയർ ക്ഷീരവികസന ഓഫീസർ പി.വി.ബീനയും ചെറുതാഴം ക്ഷീരസംഘം പ്രസിഡന്റ് കെ.സി.തമ്പാനുമാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.