abbas

കാസർകോട്: കാസർകോട് നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ നടക്കും. 38 അംഗ കൗൺസിലിൽ 20 അംഗങ്ങളുടെ പിന്തുണയുള്ള മുസ്ലിം ലീഗിലെ അബ്ബാസ് ബീഗം ചെയർമാനാകുമെന്ന് ഉറപ്പാണ്.

പതിനാലംഗങ്ങളുള്ള ബി.ജെ.പിയുടെ ചെയർമാൻ സ്ഥാനാർത്ഥിയായി പി. രമേശ് മത്സരിക്കും. സി.പി.എമ്മിന് ഒന്നും രണ്ടു സ്വതന്ത്രരുമാണ് ഇവർക്ക് പുറമെ കൗൺസിലിലുള്ളത്. പാർട്ടി ധാരണപ്രകാരം ചെയർമാനായിരുന്ന അഡ്വ. വി.എം മുനീർ മൂന്ന് വർഷം പൂർത്തീകരിച്ച് രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

നിലവിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ് അബ്ബാസ്. തിരഞ്ഞെടുക്കപ്പെട്ട ശേഷം സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷപദവി രാജിവെക്കും. വിജയം ഉറപ്പാണെന്ന് അബ്ബാസ് ബീഗവും വലിയ അട്ടിമറിയൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് എതിർസ്ഥാനാർത്ഥി പി. രമേശും പറഞ്ഞു.