karatte
വൈഷ്ണവിയും കൃഷ്‌ണേന്ദുവും

കോഴിക്കോട്: വൈഷ്ണവിയ്ക്കും കൃഷ്‌ണേന്ദുവിനും കരാട്ടെ ജീവനാണ്. മെഡൽ നേടാനും സ്വയരക്ഷയുമായി സ്വന്തമാക്കിയ സ്വപ്നം. കരാട്ടെയിൽ സംസ്ഥാന തലത്തിൽ സ്വർണം നേടിയ വൈഷ്ണവിയുടെ ലക്ഷ്യം ദേശീയ താരമാവുകയാണ്. അതിനുള്ള പരിശ്രമത്തിലാണ് ഈ മിടുക്കി. തൈകൊണ്ടോ, ജൂഡോ എന്നിവയും പരിശീലിക്കുന്നു.

കൃഷ്‌ണേന്ദുവിന് ഇപ്പോൾ പ്രിയം ജൂഡോയാണ്. ജൂഡോയിൽ ഇന്റർ കോളേജിയറ്റ് സൗത്ത് സോൺ മത്സരങ്ങളിൽ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. കൃഷ്‌ണേന്ദുവിന്റെ അടുത്ത ഉന്നം ഒളിമ്പിക്‌സാണ്.

വൈഷ്ണവി മണിയൂരിലെ യോഷിക്കാൻ മാർഷൽ ആർട്‌സ് അക്കാഡമിയിലും കൃഷ്‌ണേന്ദു പയ്യോളിയിലെ ഇംപാക്ട് ജൂഡോ ക്ലബിലുമാണ് പരിശീലനം. കോഴിക്കോട് മേപ്പയ്യൂർ മഞ്ഞക്കുളം പാലയുള്ള പറമ്പിൽ വീരേന്ദ്രകുമാർ - ബിന്ദു ദമ്പതികളുടെ മക്കളാണ്.

 സ്വപ്നമായി കരാട്ടെ അക്കാ‌ഡമി
മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് വൈഷ്ണവി. കൃഷ്‌ണേന്ദു പേരാമ്പ്ര സി.കെ.ജി ഗവ. കോളേജിൽ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയും. മേപ്പയ്യൂരിൽ സഹപാഠികളും നാട്ടുകാരുമായ പെൺകുട്ടികൾക്ക് കരാട്ടെ അക്കാ‌ഡമി തുടങ്ങണമെന്നാണ് ഇരുവരുടെയും മോഹം. ഇന്ത്യൻ ജീവിത സാഹചര്യത്തിൽ പെൺകുട്ടികളുടെ സുരക്ഷിതത്വം വെല്ലുവിളിയാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് മക്കളെ ആയോധനകല പരിശീലിപ്പിച്ചതെന്നാണ് മുൻ പട്ടാളക്കാരൻകൂടിയായ പിതാവ് വീരേന്ദ്രകുമാർ പറയുന്നത്.

'ആരെയെങ്കിലും ഇടിച്ച് തോൽപ്പിക്കാനല്ല, സ്വയം രക്ഷയാണ് ലക്ഷ്യം. കേരളത്തിലെ പെൺകുട്ടികൾ സ്വയംരക്ഷ തിരിച്ചറിയണം. അതിനുള്ള വഴിവെട്ടുകയാണ് ഞങ്ങൾ".

- വൈഷ്ണവി, കൃഷ്‌ണേന്ദു.