 
വടകര: റെയിൽവെ സ്റ്റേഷനുകൾ തരം തിരിച്ച് യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ആധുനികവത്ക്കരിക്കുമ്പോൾ ഹാൾട്ട് സ്റ്റേഷനിൽ യാത്രക്കാർ ദുരിതത്തിൽ. ഇത്തരം സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ദാഹമകറ്റാൻ പൈപ്പ് വെള്ളം മാത്രം.
മുക്കാളി റെയിൽവേ ഹാൾട്ട് സ്റ്റേഷനിൽ പൊതുശൗചാലയമില്ല. ജോലിക്കാരടക്കം നിരവധി യാത്രക്കാരാണ് നേരത്തെ സ്റ്റേഷനെ ആശ്രയിച്ചിരുന്നു. കോയമ്പത്തൂർ ഭാഗത്തേക്ക് മൂന്നോളം ട്രെയിനുകൾ ഉണ്ടായിരുന്നത് ഇപ്പോൾ മംഗലാപുരത്തേക്ക് ഒരു ട്രെയിനായി ചുരുങ്ങി. വണ്ടിയുടെ സമയക്രമം മാറ്റിയതും ചില ട്രെയിനുകൾ നിർത്തലാക്കിയതും ടിക്കറ്റ്ചാർജ്ജ് വർദ്ധനയും യാത്രക്കാരെ അകറ്റാനുള്ള വഴിയൊരുക്കി. ടിക്കറ്റ് കൗണ്ടർ, കുടിവെള്ളം, വൈദ്യുതി എന്നീ ഭൗതിക സൗകര്യങ്ങൾ ഒരുക്കേണ്ടത് റെയിൽവേയുടെ ചുമതലയാണ്. ഇത് കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ പോലും ഇവിടെ ആളില്ല. കരാർ വ്യവസ്ഥയിലാണ് ഇവിടെ ടിക്കറ്റ് നൽകുന്നത്. ട്രെയിൻ സമയക്രമം മാറ്റുകയും എണ്ണം കുറക്കുകയും ചെയ്തതോടെ യാത്രക്കാരുടെ ദുരിതത്തിനൊപ്പം സ്റ്റേഷനുകളിലെ ടിക്കറ്റ് കരാറുകാരും ദുരിതത്തിലാണ്.മുക്കാളി റെയിൽവേ സ്റ്റേഷനിൽ കൊവിഡിന് മുൻപ് നിർത്തി കൊണ്ടിരിക്കുന്ന മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ ഹാൾട്ട് സ്റ്റേഷനുകളോടുള്ള റെയിൽവെയുടെ സമീപനത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലന്നാണ് നാട്ടുകാർ പറയുന്നത്.