 
വടകര : വളർത്തുമൃഗങ്ങളായും പാൽ, മുട്ട, മാംസം തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ തരുന്നവരായും പക്ഷിമൃഗാധികൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇവയുടെ പരിപാലനത്തിൽ സുപ്രധാന പങ്ക് വഹിക്കേണ്ട പുതിയാപ്പിലെ വെറ്ററിനറി ആശുപത്രി ഇല്ലായ്മയിൽ ശ്വാസംമുട്ടുകയാണ്.  മാഹി മുതൽ കൊയിലാണ്ടിവരേയും കിഴക്ക് മരുതോങ്കര പഞ്ചായത്ത് വരേയും ബാലുശേരി, മേപ്പയൂർ വരെയുള്ള ഇടങ്ങളിലുള്ളവർ വളർത്തു മൃഗങ്ങളുടെ ചികിത്സക്കെത്തുന്ന ആശുപത്രിയാണ് അധികൃതർ നശിപ്പിക്കുന്നത്.
നിത്യേന 60 എൻട്രികൾ ഇവിടെ നേരിട്ടെത്തുന്നുണ്ട്. വീടുകളിൽ പോയി നടത്തുന്ന ചികിത്സകളും കൂടി പരിഗണിക്കുമ്പോൾ ഡോക്ടർമാരുടെ എണ്ണവും അനുബന്ധ സൗകര്യങ്ങളും ശോചനീയാവസ്ഥയിലാണ്. സർജറിയടക്കമുള്ള സ്പെഷ്യാലിറ്റി ഡോക്ടർമാരില്ലാതെയാണ് വളർത്തുജീവി ചികിത്സ നടന്നുവരുന്നത്. അത്യാഹിതവിഭാഗം ഇല്ലാത്തതിനാൽ അപകടം സംഭവിച്ചെത്തുന്ന ജീവികളെ രക്ഷിക്കാനാവാതെ വരുന്നു. ഭൗതിക സാഹചര്യം ഉണ്ടെങ്കിലും മൈക്രോബയോളജി ലബോറട്ടറിയും ഇവിടെയില്ല. ഗൈനക്കോളജിയിലും സ്പെഷലൈസ്ഡ് ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ക്ഷീരകർഷകരും മറ്റും വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യം. പകരം കോഴിക്കോട് ജില്ലാ വെറ്റിനറി ആശുപത്രിയേയാണ് ഇവർ ആശ്രയിക്കേണ്ടത്. 
കോഴിക്കോട് ആശുപത്രിയേക്കാൾ സ്ഥല സൗകര്യം ഉണ്ടായിട്ടും മറ്റു സൗകര്യങ്ങളൊന്നും തന്നെ ഇവിടെയില്ല. ലാബും, അത്യാഹിത വിഭാഗവും , പ്രസവ ശുശ്രൂഷയും, കിടത്തി ചികിത്സയും ആരംഭിക്കാനുള്ള കെട്ടിട സൗകര്യവും ഇവിടെ നിലവിലുണ്ട്. സർജന്മാർ അടക്കമുള്ള ഡോക്ടർമാരേയും മൈക്രോബയോളജിസ്റ്റിനേയും ലാബോട്ടറി വിദഗ്ദരേയും നിയമിക്കുകയാണ് അടിയന്തര ആവശ്യം. എത്രയും വേഗം ആശുപത്രിയിൽ എച്ച്.എം.സി രൂപീകരിക്കണം എന്നതാണ് നാട്ടുകാർ മുന്നോട്ട് വ്യ്ക്കുന്ന നിർദ്ദേശം.
25 വർഷത്തിലധികം പഴക്കമുള്ള ഇവിടുത്തെ സ്റ്റാഫ് കോർട്ടേഴ്സ് അപകട ഭീഷണിയിലാണ്. ഇതുപയോഗ ശൂന്യമായിട്ടും നാളുകളേറെയായി. രോഗം നിർണ്ണയിക്കാനും വിദഗ്ദ ചികിത്സ നടത്താനും കഴിയുന്ന രൂപത്തിൽ ഈ ആശുപത്രിക്ക് വികസനെമെത്തിക്കാൻ മുനിസിപ്പാലിറ്റിയും, എം.എൽ.എയും എം.പി.യു മടക്കമുള്ള ജനപ്രതിനിധികളും മുൻകൈയ്യെടുക്കണമെന്നാണ് കർഷകരുടേയും മൃഗസ്നേഹികളുടേയും ആവശ്യം.
രോഗ നിർണ്ണയം നടത്താനോ വിദഗ്ദചികിത്സ നൽകാനോ ഉളള സൗകര്യങ്ങൾ ഇവിടെ ഇല്ല. രക്തവും മറ്റും പരിശോധിക്കാൻ പുറത്ത് ലാബുകളെ ആശ്രയിക്കണം. ഈ അവസ്ഥ മാറാൻ ബന്ധപെട്ടവർ അടിയന്തരമായി ഇടപെടണം. അർജുൻ.കെ.കെ. കണ്ണങ്കുഴി,
ആനിമൽ കെയർടേക്കർ.