
കോഴിക്കോട്: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ നേതാക്കളെ മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചതിനെതിരെ കെ.സി.ബി.സി രംഗത്തെത്തി. ലത്തീൻ കത്തോലിക്കാ കൗൺസിലും വിമർശിച്ചു. അവസരം മുതലാക്കാൻ ബി.ജെ.പിയും ഇറങ്ങിയതോടെ രാഷ്ട്രീയ വിവാദമായി വളർന്നു.
ക്രിസ്മസ് വിരുന്നിന് ബി.ജെ.പി വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. ആലപ്പുഴയിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ലെന്നും സുപ്രധാന സ്ഥാനത്തുള്ളവർ വാക്കുകളിൽ മിതത്വം പുലർത്തണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു. സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരെ അധിക്ഷേപിക്കാൻ ഇവരുടെ കൈയിൽ നിഘണ്ടുവുണ്ട്. ആസ്കൂളിൽ നിന്ന് വരുന്ന ആളാണ് സജിയെന്നും വിമർശിച്ചു.
ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി വി. മുരളീധരൻ രൂക്ഷ പ്രതികരണവുമായി എത്തിയത്. സജി ചെറിയാന്റെ പരാമർശം കേരളസമൂഹത്തിന് അപമാനമെന്നും മുഖ്യമന്ത്രിയുടെ മൗനം സഭയോടുള്ള സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നെന്നും മുരളീധരൻ പറഞ്ഞു.
ക്രൈസ്തവ സഭകളുമായി അടുക്കാൻ നാളായി ബി.ജെ.പി ശ്രമിക്കുന്നുണ്ട്. മണിപ്പൂർ കലാപത്തെ തുടർന്ന് ഇതിന് തടസ്സമുണ്ടായി. അതിനിടെയാണ് പ്രധാനമന്ത്രി ക്രിസ്മസ് വിരുന്ന് നടത്തിയതും സഭാനേതാക്കൾ പങ്കെടുത്തതും. വിരുന്നിനിടെ മാർപ്പാപ്പ ഇന്ത്യയിലേക്ക് വരുന്നത് പ്രഖ്യാപിക്കുകയും ചെയ്തു. ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്തും ബി.ജെ.പി നേതാക്കൾ സഭാ ആസ്ഥാനങ്ങളിലും ക്രൈസ്തവ ഭവനങ്ങളിലും സന്ദർശനം നടത്തിയിരുന്നു.
സജി ചെറിയാനും കെ.ടി. ജലീലും ഒരേ നിഘണ്ടുവിലെ വാക്കുകളാണ് ഉപയോഗിക്കുന്നത്. പ്രധാനമന്ത്രിയെ ഒരു മന്ത്രി വിമർശിക്കുമ്പോൾ സഭ്യമായ പദങ്ങൾ ഉപയോഗിക്കണം
- ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി,
കെ.സി.ബി.സി വക്താവ്
സജി ചെറിയാൻ അന്തസോടെ പൊതുവേദികളിൽ സംസാരിക്കണം. വിരുന്നിൽ പങ്കെടുത്ത മെത്രാന്മാർക്ക് രോമാഞ്ചമുണ്ടായെന്ന അഭിപ്രായപ്രകടനം വിലകുറഞ്ഞതാണ്
ജോസഫ് ജൂഡ്,
ലത്തീൻ കത്തോലിക്കാ കൗൺസിൽ
സകല അരമനയും കയറിനിരങ്ങുന്ന സജിയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിരുന്നിനെ പരിഹസിക്കുന്നത്. എന്ത് പ്രഹസനമാണ് സജീ എന്നുമാത്രമേ ചോദിക്കാനുള്ളൂ
വി. മുരളീധരൻ,
കേന്ദ്ര സഹമന്ത്രി