
കോഴിക്കോട്: കമ്മ്യൂണിസ്റ്റുകാർ ജനങ്ങളോട് വിനീത വിധേയരാവണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. ജനങ്ങളോട് അധികാര ഗർവോടെ പെരുമാറരുത്. അത്തരം സംഭവങ്ങൾ കാണുമ്പോൾ തിരുത്താൻ കഴിവുള്ള പാർട്ടിയാണ് ഇന്ന് സി.പി.എം. പോരായ്മ വരുന്നുണ്ടെങ്കിൽ പരിശോധിച്ച് തെറ്റ് തിരുത്താൻ പാർട്ടിക്കകത്ത് സംവിധാനമുണ്ട്. നിരന്തരം അത്തരം തെറ്റുതിരുത്തൽ പ്രക്രിയ നടത്തുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും ജയരാജൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തകൻ പി.ജിബിൻ അനുസ്മരണത്തിന്റെ ഭാഗമായി സുഹൃദ്സംഘം സംഘടിപ്പിച്ച 'ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പോ, അനിവാര്യതയോ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് മുന്നിൽ കോമാളി വേഷം കെട്ടുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ പദവി കെളോണിയൽ അവശേഷിപ്പാണ്. ഗവർണർമാരുടെ പ്രത്യേക അധികാരം ഭരണഘടനയിൽ നിഷ്‌കർഷിച്ചിരുന്നു. ഉപദേശം അനുസരിച്ച് ഭരണ നിർവഹണം നടത്തുകയാണ് ഉത്തരവാദിത്വം . ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ കോമാളി വേഷം മുൻ ഗവർണർ പി. സദാശിവം കെട്ടിയിട്ടില്ല. ഗവർണർ സർക്കാരിനെ വെല്ലുവിളിക്കുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ കേന്ദ്രസർക്കാരിന് വേണ്ടി മാസങ്ങളോളം പിടിച്ചുവയ്ക്കുന്നു. ബില്ലിൽ അടയിരിക്കുന്നു. ഭരണഘടനയെ വെല്ലുവിളിക്കുന്നു. ഗവർണർ രാഷ്ട്രീയം കളിക്കുകയാണ്. ഭരണഘടനയെയും സുപ്രീം കോടതി വിധിയെയും പരിഹസിക്കുകയാണ് കേരള ഗവർണറെന്നും ജയരാജൻ പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പി.വി.ജീജോ അനുസ്മരണ ഭാഷണം നടത്തി. കെ.പി.സജീവൻ, അജയ് ശ്രീശാന്ത്, ഹരീഷ് കൊളച്ചേരി എന്നിവർ പ്രസംഗിച്ചു. 2015 ഡിസംബർ 22നാണ് സുഹൃത്തുക്കൾക്കൊപ്പം യാത്രപോയ ജിബിൻ പതങ്കയം വെള്ളച്ചാട്ടത്തിൽ മുങ്ങിമരിക്കുന്നത്.