 
കോഴിക്കോട് : അഴകുള്ള നഗരമാക്കാൻ പദ്ധതികൾ പലതും പല വഴിക്കു വന്നിട്ടും അഴുക്ക് ഒഴിയാതെ കോഴിക്കോട് നഗരം. നഗര ശുചീകരണം ലക്ഷ്യമാക്കി തുടക്കമിട്ട അഴക് പദ്ധതിയ്ക്കും താളം പിഴച്ചതോടെ നഗരത്തിലൂടെ നടക്കാൻ മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. സാഹിത്യ നഗരം, സുരക്ഷിത നഗരം തുടങ്ങി പദവികൾ നേടി അന്താരാഷ്ട്ര ഖ്യാതി നേടിയെങ്കിലും മാലിന്യ സംസ്കരണത്തിൽ കാലിടറിയിരിക്കുകയാണ്. മാലിന്യ സംസ്‌കരണവും സംഭരണവും പാളിയതോടെ നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യ കൂമ്പാരമാണ്. ദിനംപ്രതി നഗരത്തിലെത്തുന്ന യാത്രക്കാർ വലിച്ചെറിയുന്നതും കോർപ്പറേഷൻ പരിധിയിൽ നിന്ന് ശേഖരിക്കുന്നതുമായ മാലിന്യമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുന്നുകൂടുന്നത്. ഞെളിയൻപറമ്പ്, ഭട്ട് റോഡ് ബീച്ച് തുടങ്ങിയ ഇടങ്ങളിലെ മാലിന്യ സംസ്‌കരണം നിലച്ചതാണ് കോർപ്പറേഷന് തലവേദനയായത്.
ബീച്ചിനോട് ചേർന്ന് കോർപ്പറേഷന്റെ മാലിന്യ സംഭരണ കേന്ദ്രം കത്തി നശിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ഇവിടെ നിന്നാണ് തരംതിരിച്ച് സംസ്ഥാനത്തിന് പുറത്തേക്ക് അയച്ചിരുന്നത്. നിലവിൽ മാലിന്യം സംസ്‌കരിക്കാൻ മതിയായ ഇടമില്ലാത്ത സ്ഥിതിയാണ്. ഹരിത കർമ്മ സേനാംഗങ്ങൾ പല ഇടങ്ങളിൽ നിന്നായി ശേഖരിക്കുന്ന ടൺ കണക്കിന് മാലിന്യം പല ഇടങ്ങളിലാണ് കൂട്ടിയിടുന്നത്. പുതിയ പാലം, കല്ലുത്താൻ കടവ്, പൊറ്റമ്മൽ, കോഴിക്കോട് ബീച്ച് , വൈക്കം മുഹമ്മദ് ബഷീർ റോഡ് തുടങ്ങി നഗരത്തിലെ റോഡുകൾക്ക് ഇരുവശങ്ങളിലും, ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലും, റെയിൽവേ ട്രാക്കിന് സമീപവും, ഇടവഴികളിലും തോടുകളിലും കനാലുകളിലും ഓവുകളിലും മാലിന്യം കൂടിക്കിടക്കുകയാണ്. നഗരത്തിലെത്തുന്നവർ വീട്ടിൽനിന്ന് കൊണ്ടുവരുന്നതും ഹോട്ടലുകളിൽ നിന്ന് വാങ്ങുന്നതുമായ ഭക്ഷണം നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ വാഹനം ഒതുക്കി കഴിച്ചശേഷം ബാക്കി റോഡിൽ തള്ളുന്നത് പതിവു കാഴ്ചയാണ്. കൂടാതെ രാത്രിയിലും അതിരാവിലെയും ആളൊഴിഞ്ഞ നേരം നോക്കി മാലിന്യം വലിച്ചെറിയുന്നവർ തെരഞ്ഞെടുത്തതും നഗര കവലകൾ തന്നെ. ഇങ്ങനെ വലിച്ചെറിയുന്ന ഭക്ഷണം സമൃദ്ധമായി കിട്ടുന്നതിനാൽ തെരുവുനായ ശല്യവും രൂക്ഷമായിരിക്കുകയാണ്.