ramesh-chennithala

കോഴിക്കോട്: കോൺഗ്രസിൽ അച്ചടക്കം ആവശ്യമായ സമയമാണിതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണം. പാർട്ടിക്കു പുറത്തേക്ക് വലിച്ചിഴച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഏലത്തൂർ ചേളന്നൂർ പഞ്ചായത്തിലെ ഞാറക്കാട്ട് കോളനിയിൽ ഗാന്ധിഗ്രാമം പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 തിരഞ്ഞെടുപ്പ് വർഷമാണ്. ലോക്സഭയിൽ 20 സീറ്റും വിജയിക്കണമെന്നാണ് യു.ഡി.എഫും ജനങ്ങളും ആഗ്രഹിക്കുന്നത്. അതു യഥാർത്ഥ്യമാകണമെങ്കിൽ നേതാക്കളും പ്രവർത്തകരും യോജിച്ചു പ്രവർത്തിക്കണം.
മുഖ്യമന്ത്രി ഇന്ന് പുനരാരംഭിച്ച നവകേരള സദസ് കൊണ്ട് പ്രയോജനവുമില്ല. 16 ലക്ഷത്തിൽ പരം പരാതികളാണ് സദസിലൂടെ ലഭിച്ചത്. അതിൽ ഒന്നു പോലും പരിഹരിക്കപ്പെട്ടിട്ടില്ല. വി.എം.സുധീരന് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയാൻ അവസരമുണ്ട്. മുതിർന്ന നേതാവായ സുധീരന്റെ പരാതി പരിഹരിക്കാൻ നേതൃത്വം തയ്യാറാവണം. അയോദ്ധ്യ വിഷയത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് സാധിക്കും. അത് ദേശീയതലത്തിൽ എടുക്കേണ്ട തീരുമാനമാണെന്നും ചെന്നിത്തല പറഞ്ഞു.