കുറ്റ്യാടി : കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പന്നികളെ പിടികൂടാൻ ശ്രമം തുടങ്ങി.വേളം,കുറ്റിയാടി പഞ്ചായത്തുകളിലെ വലക്കെട്ട്,നിട്ടൂർ മേഖലകളിൽ ഷൂട്ടേഴ്സ് സംഘമെത്തി നാല് കാട്ടു പന്നികളെ വെടി വെച്ചു കൊന്നു. ഇവിടങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിക്കുകയും വഴി നടക്കാൻ വരെ ഭീഷണി ഉയർന്നതായി പരാതി വന്നതിനെ തുടർന്നാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ ഷൂട്ടേഴ്സ് സംഘത്തെ വിളിച്ചത്.
കർഷക കൂട്ടായ്മയായ കിഫിയുടെ കോഴിക്കോട് ജില്ലയിലെ ഷൂട്ടേഴ്സ് ടീമാണ് ഇന്നലെ മേഖലയിലെത്തിയത്. 15 പേരടങ്ങുന്ന സംഘത്തെ സഹായിക്കാൻ അംഗീകൃത പ്രാദേശിക ഷൂട്ടർമാരുംപന്നികളെ കണ്ടെത്താൻ പരിശീലനം ലഭിച്ച മൂന്ന് നായ്കളുമുണ്ടായിരുന്നു. മേഖലയിൽ വലിയ തോതിൽ പന്നികളുടെ സാന്നിധ്യം സംഘം സ്ഥിരീകരിച്ചു. കർഷകർക്ക് കനത്ത നഷ്ടം വരുത്തുന്ന കാട്ടുപന്നികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ ഇല്ലായ്മ ചെയ്യാൻ സർക്കാർ നടപടി ക്രമങ്ങൾ ലഘൂകരിക്കണമെന്ന് ഷൂട്ടേഴ്സ് ടീം ലീഡർ ജോർജ്ജ് ജോസഫ് പറഞ്ഞു. സർക്കാരിൽ നിന്ന് ഇനിയും പ്രോത്സാഹനം ലഭിച്ചാൽ കർഷകരെ രക്ഷിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റിയാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ,വെസ് പ്രസിഡന്റ് ടി.കെ മോഹൻദാസ്,വാർഡ് അംഗം ജുഗുന തെക്കയിൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു.