kalolsavam

കോഴിക്കോട്: 'കനക കിരീടം തത്കാലത്തേക്കാണ് കൊല്ലത്തേക്ക് പോകുന്നത്. പക്ഷേ കൗമാരമേള കൊടിയിറങ്ങുമ്പോൾ മറ്റൊരു ഘോഷയാത്രയിൽ ഇത് കോഴിക്കോട്ട് തിരിച്ചെത്തും"- 117.5 പവൻ വലംപിരിശംഖ് സ്വർണക്കിരീടത്തെ യാത്രയാക്കുമ്പോൾ കോഴിക്കോട്ടെ കൗമാരകലാപ്രതിഭകളിൽ ആവേശം. 1959 മുതൽ 20 തവണ കിരീടം ചൂടുന്ന ഏക ജില്ലയും സമൂതിരിനാട് തന്നെ. 17 തവണ കിരീടം തിരുവനന്തപുരത്തിനായിരുന്നു.

1987ൽ കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവം മുതലാണ് കലോത്സവ വിജയികൾക്ക് 117.5 പവൻ വലംപിരിശംഖ് സ്വർണക്കപ്പ് നൽകുന്നത്. ഇതിന് ശേഷം 16 തവണ കോഴിക്കോട് കപ്പെടുത്തു. 1959ൽ ചിറ്റൂരിൽ നടന്ന മൂന്നാം കലോത്സവത്തിലാണ് കോഴിക്കോട് ആദ്യം കപ്പെടുത്തത്. എന്നാൽ രണ്ടാം കപ്പിന് 1991ലെ കാസർകോട് കലോത്സവം വരെ കാത്തിരിക്കേണ്ടി വന്നു. 1992ൽ തിരൂരിലും 1993ൽ തൃശൂരിലും വിജയമാവർത്തിച്ച് ഹാട്രിക് നേടി.

 സുവർണജൂബിലി കിരീടവും കീശയിൽ

2001ൽ തൊടുപുഴയിൽ അഞ്ചാം ജയവും 2002ൽ ആതിഥേയത്വം വഹിച്ച മേളയിലും 2004ൽ തൃശൂരിലും വിജമുത്തം കോഴിക്കോടിനൊപ്പമായിരുന്നു. 2010ൽ കോഴിക്കോട് നടന്ന സുവർണജൂബിലി കലോത്സവത്തിലും കിരീടം നേടി. 2007 മുതൽ 2014 വരെ വിജയമാവർത്തിച്ചു. 2015ൽ പാലക്കാടിനൊപ്പം കിരീടം പങ്കിട്ടു. 2016ൽ തിരുവനന്തപുരത്തും 17ൽ കണ്ണൂരിലും 18ൽ തൃശൂരിലും കോഴിക്കോട് ജേതാക്കളായി. 2019ൽ പാലക്കാടിനായിരുന്നു കിരീടം. എന്നാൽ കൊവിഡ് കാരണം ഒരുവർഷം കലോത്സവം മുടങ്ങിയതൊഴിച്ചാൽ കിരീടം കോഴിക്കോടിന് തന്നെയായിരുന്നു.