
കോഴിക്കോട്: സ്‌കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് കോഴിക്കോട് നിന്ന് ഘോഷയാത്രയായി കൊല്ലത്തേക്ക് കൊണ്ടുപോയി. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് വിദ്യാഭ്യാസവകുപ്പ് പരീക്ഷാവിഭാഗം ജോയിന്റ് കമ്മിഷണറായ ഗിരീഷ് ചോലയിലിന് കപ്പ് കൈമാറി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് നിന്ന് കലോത്സവത്തിനെത്തുന്ന കൗമാരപ്രതിഭകളുടെ സാന്നിദ്ധ്യത്തിലായിരുന്നു യാത്രഅയപ്പ്.
ആർ.ടി.ഡി സന്തോഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദുൽ നാസർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ അതിർത്തിയായ രാമനാട്ടുകര ഗണപത് എ.യു.പി സ്‌കൂളിൽ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള അഷറഫ് പെരുമ്പള്ളിക്ക് കപ്പ് കൈമാറി.