kunnamangalamnews
എൻ.ഐ.ടി.സി യിൽ അന്താരാഷ്ട്ര സെമിനാറിൽ ജപ്പാനിലെ കുമാമോട്ടോ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള പ്രൊഫസർ ഷുയിച്ചി ടോറി മുഖ്യ പ്രഭാഷണം നടത്തുന്നു

കുന്ദമംഗലം: കാലാവസ്ഥാ വ്യതിയാനവും കാർബൺ ഡൈ ഓക്‌സൈഡ് ബഹിർഗമനം ഉയർത്തുന്ന വെല്ലുവിളികൾക്കും പരിഹാരം തേടി കാലിക്കറ്റ് എൻ.ഐ.ടിയിൽ 'ക്ലീൻ എനർജി ഫോർ സസ്‌റ്റെയ്‌നബിൾ എൻവയോൺമെന്റ് ' എന്ന പേരിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. സെന്റർ ഫോർ ക്ലീൻ എനർജി ആൻഡ് സർക്കുലർ ഇക്കോണമിയുടെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ ജപ്പാനിലെ കുമാമോട്ടോ സർവകലാശാല പ്രൊഫസർ ഷുയിച്ചി ടോറി മുഖ്യപ്രഭാഷണം നടത്തി. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് പുനരുപയോഗ ഊർജ്ജത്തിലും സാങ്കേതിക പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും, ഊർജ സംരക്ഷണം, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കൽ, സൗരോർജ്ജം, വേലിയേറ്റം, കാറ്റ്, ഭൂതാപം, ജൈവ ഇന്ധനം, ബയോമാസ് ഊർജം തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസുകളുടെ പ്രോത്സാഹനം എന്നിവയാണ് ആഗോള താപനത്തെ തടയാനുള്ള മാർഗമെന്ന് അദ്ദേഹം പറഞ്ഞു. എൻജിനിയർമാരും ശാസ്ത്രജ്ഞരും പരിസ്ഥിതിയെ മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ജീവയോഗ്യമായി നിലനിർത്താൻ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. എല്ലാ രാജ്യങ്ങളും ഊർജ സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണെന്നും അവരെ പിന്തുണയ്ക്കുന്നതിൽ തങ്ങൾക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സി.സി.ഇ.സി.ഇ ചെയർപേഴ്സൺ പ്രൊഫ.എ.ഷൈജ, ഡോ.പി.അരുൺ, ഡോ.എസ്.എൻ.ദീപ എന്നിവരും പ്രസംഗിച്ചു.

ഓസ്റ്റിനിലെ ടെക്‌സാസ് സർവകലാശാല സീനിയർ റിസർച്ച് സയന്റിസ്റ്റ് ഡോ. പ്രദീപ്കുമാർ അശോക്, കോഴിക്കോട് എൻ.ഐ.ടിയിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം അസി. പ്രൊഫ. ഡോ. വിനോദ് കുമാർ ശർമ്മ, മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗം പ്രൊഫ. വി.സജിത്ത്, അനർട്ട് ചീഫ് ടെക്നിക്കൽ മാനേജർ ഡോ. അജിത് ഗോപി എന്നിവരും വിവിധ വിഷയങ്ങളിൽ പ്രസംഗിച്ചു.