chaliyam
ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച മീൻ ബോക്സുകൾ

ബേപ്പൂർ: ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിൽ കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത തീപിടിത്തത്തിൽ മനസ് നീറി മത്സ്യത്തൊഴിലാളികൾ . ഫൈബർ വള്ളങ്ങളിൽ ഉപയോഗിക്കുന്ന എൻജിനുകൾ, മത്സ്യ ബോക്സുകൾ സൂക്ഷിക്കാൻ ഉണ്ടാക്കിയ ഇരുപതിലധികം ഷെഡുകൾ, മൂവായിരത്തോളം ബോക്സുകൾ, മൂന്ന് എൻജിനുകൾ, മത്സ്യം സൂക്ഷിക്കുന്ന 25, 000 രൂപ വിലയുള്ള രണ്ട് ഫ്രീസറുകൾ എന്നിവയാണ് ക്ഷണനേരം കൊണ്ട് അഗ്നിക്കിരയായത്.

700 ലധികം ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച ഫൈബർ വളളങ്ങളും തോണികളുമാണ് ചാലിയത്ത് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ വികസനമെത്താത്ത ചാലിയത്ത് എൻജിനുകളും മത്സ്യ ബോക്സുകളും ഫിഷ് ലാന്റിന് സമീപത്ത് കെട്ടിയുണ്ടാക്കിയ താത്ക്കാലിക ഷെഡുകളിലാണ് സൂക്ഷിച്ചിരുന്നത്. 750 രൂപ വിലയുള്ള മൂവായിരത്തോളം ബോക്സുകൾ കത്തി നശിച്ചു. കെ.പി ഫൈസലിന്റെ 500 പുതിയ ബോക്സുകളാണ് കത്തിക്കരിഞ്ഞത്.

തന്നിശ്ശേരി പറമ്പിൽ കെ.പി ഫൈസൽ, സി .പി .സർഫു, വി.സി.നജാസ്, വി.സി.കമറു , കെ.എസ്.ഡി സംസു, സി.പി. അഷറഫ്, വാളക്കട അഷറഫ് എന്നിവരുടെ ഷെഡുകളാണ് കത്തിച്ചാമ്പലായത്. ഒരു ഹോട്ടലും വർക്ക് ഷോപ്പും ചാരമായി. വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന മൂന്ന് എൻജിനുകളാണ് കത്തി നശിച്ചത്. ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.

കടലിൽ മത്സ്യം കുറവായതിനാൽ ഫൈബർ വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകാത്തതിനാലാണ് ബോക്സുകൾ ഷെഡുകളിൽ സൂക്ഷിച്ചിരുന്നത്. രാത്രിയും പുലർച്ചയ്ക്കുമാണ് വള്ളങ്ങൾ കടലിലേക്ക് യാത്ര തിരിക്കുന്നത്. തിരിച്ചെത്തിയാൽ എൻജിനുകൾ വള്ളത്തിൽ നിന്ന് അഴിച്ചെടുത്ത് ഷെഡുകളിൽ സൂക്ഷിക്കാറാണ് പതിവ്. മോഷണം ഭയന്ന് എൻജിനിൽ ഒഴിക്കാനുള്ള ഇന്ധനവും ഷെഡിൽ തന്നെയാണ് സൂക്ഷിക്കുന്നത്. ഈ ഷെഡുകളിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തിൽ ഫിഷ് ലാന്റിംഗിന് സമീപം 6 വർഷമായി തുണി കച്ചവടം നടത്തിയിരുന്ന ഓലശ്ശേരി ആമുവിന്റെ റെഡിമെയ്ഡ് കടയും കത്തി നശിച്ചവയിൽ വരും. ഷെഡുകൾക്ക് നടുവിലായി നിലനിന്നിരുന്ന വൻ ആൽമരവും കത്തിക്കരിഞ്ഞു. നിരവധി പക്ഷികളാണ് ഈ മരത്തിൽ കൂട് കൂട്ടിയിരുന്നത്. ചാലിയത്ത് വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 10 ഏക്കർ സ്ഥലത്താണ് ചാലിയം ഫിഷ് ലാന്റ് വർഷങ്ങളായി പ്രവർത്തിക്കുന്നത് . ചാലിയത്ത് മിനി ഹാർബർ സ്ഥാപിക്കാൻ 10 കോടി രൂപ സർക്കാർ ഫണ്ട് വകയിരുത്തിയെങ്കിലും വനം വകുപ്പ് സ്ഥലം വിട്ടു കൊടുക്കാത്തതിനാൽ പദ്ധതി മുടങ്ങുകയായിരുന്നു. പകരം ഭൂമി നൽകാമെന്ന് സർക്കാർ പറഞ്ഞി‌ട്ടും വനംവകുപ്പ് വഴങ്ങിയില്ല. 2017ൽ ഇതേ സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു. അന്ന് നാശനഷ്ടമുണ്ടായവർക്ക് സർക്കാർ സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ജലരേഖയായി മാറി.

എം.കെ.രാഘവൻ എം.പി

ചാലിയം സന്ദർശിച്ചു

ബേപ്പൂർ: കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ ചാലിയം ഫിഷ് സെന്റർ എം.കെ.രാഘവൻ എം.പി സന്ദർശിച്ചു. ചാലിയത്ത് ഉടൻ സി.സി ടി.വി സ്ഥാപിക്കാനും നഷ്ടപരിഹാര വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.കെ.രാഘവൻ പറഞ്ഞു, മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കരിച്ചാലി പ്രേമൻ , യു.കെ.രാജൻ, വാഴക്കട അഷറഫ്, സലീം എന്നിവരും കൂടെയുണ്ടായിരുന്നു.

'ചാലിയത്ത് വള്ളങ്ങളിലെ യന്ത്ര സാമഗ്രികൾ സൂക്ഷിക്കാനുള്ള സൗകര്യവും മത്സ്യ വിപണനത്തിന് ലേലപ്പുരയും സർക്കാർ നിർമ്മിക്കണം. ഭൂമി സംബന്ധമായ തർക്കം ഉടൻ പരിഹരിച്ച് സർക്കാർ മുന്നോട്ട് നീങ്ങണം.

കരിച്ചാലി പ്രേമൻ, സംസ്ഥാന സിക്രട്ടറി, മത്സ്യ തൊഴിലാളി കോൺഗ്രസ്.

കടലിൽ നിന്ന് വേണ്ടത്ര മത്സ്യം ലഭിക്കാതെ കടക്കെണിയിലായ ചാലിയത്തെ മത്സ്യതൊഴിലാളികൾക്കുണ്ടായ ഇരട്ടി പ്രഹരമാണ് തീപിടിത്തം. സർക്കാർ ഉടൻ തന്നെ മത്സ്യതൊഴിലാളികളുടെ രക്ഷയെക്കരുതി ധനസഹായം അനുവദിക്കണം.

കെ.പി.ഫൈസൽ

മത്സ്യതൊഴിലാളി