pookal
സ്നേഹാരാമങ്ങൾ

കോഴിക്കോട് : മൂക്കുപൊത്തി നടന്നിടത്തെല്ലാം ഇപ്പോൾ പൂക്കളുടെ മണം പരത്തുകയാണ് സ്‌നേഹാരാമങ്ങൾ. വഴിയരികുകളിൽ തെച്ചിയും റോസയുമെല്ലാം സന്ദർശകരെ സന്തോഷിപ്പിച്ച് പൂത്തുലഞ്ഞ് നിൽക്കുന്നു. യാത്രാ ക്ഷീണമകറ്റാനും തളരുമ്പോൾ വിശ്രമിക്കാനുമെല്ലാം സന്ദർശകർക്ക് ഈ ഉദ്യാനങ്ങൾ തന്നെ ധാരാളം. മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശത്ത് പൂച്ചെടികൾ നട്ട് പൂന്തോട്ടമാക്കുന്ന സ്‌നേഹാരാമം പദ്ധതിയുടെ ഭാഗമായാണ് റോഡരികുകൾ ഉദ്യാനങ്ങളായത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി എൻ.എസ്.എസ് യൂണിറ്റുകളും ശുചിത്വ മിഷനും സംയുക്തമായാണ് സ്‌നേഹാരാമം പദ്ധതി നടപ്പാക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി ജില്ലായിലാകെ 300ഓളം സ്‌നേഹാരാമങ്ങളാണ് വച്ചു പിടിപ്പിച്ചത്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാനും ജനങ്ങളിൽ ബോധവത്കരണം ഉണ്ടാക്കുന്നതിനുമായാണ് ഈ പദ്ധതി. തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തി നൽകുന്ന മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എൻ.എസ്.എസ് യൂണിറ്റുകൾ വൃത്തിയാക്കി സ്‌നേഹാരമങ്ങളാക്കി നൽകുകയാണ് ചെയ്യുക. സ്ഥലങ്ങൾ വെറുതെ വൃത്തിയാക്കി പോവുക മാത്രമല്ല. സന്ദർശകരായി എത്തുന്നവർ വീണ്ടും മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ വൃത്തിയാക്കിയ സ്ഥലങ്ങളിൽ പൂച്ചെടികൾ നട്ടു പിടിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ചുമർചിത്രങ്ങളും ഇരിപ്പിടങ്ങളും ബോർഡുകളും സ്ഥാപിക്കുകയും ചെയ്തു. യാത്രാ വേളകളിലെയും മറ്റും ക്ഷീണമകറ്റാൻ കഴിയും വിധമാണ് സ്‌നേഹാരമങ്ങളുടെ നിർമാണം. ഒരു എൻ.എസ്.എസ് യൂണിറ്റിന് 5000 രൂപ എന്ന തോതിൽ പദ്ധതിക്കായി ജില്ലാ ശുചിത്വ മിഷന്റെ ധനസഹായവുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കലാലയങ്ങളിലെ മറ്റ് വിദ്യാർത്ഥി കൂട്ടായ്മകൾ, ത്രിതല പഞ്ചായത്ത് സമിതികൾ, കൂട്ടായ്മകൾ എന്നിവയുടെയും സഹകരണത്തോടെയാണ് സ്‌നേഹാരമം പദ്ധതി പൂർത്തീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനം അസിസറ്റന്റ് സെക്രട്ടറിയാണ് സ്‌നേഹാരമങ്ങളുടെ പരിപാലനം നടത്തുക. സംസ്ഥാനത്ത് എറ്റവും കൂടുതൽ എൻ.എസ്.എസ് യൂണിറ്റുകളുള്ള ജില്ല കോഴിക്കോടാണ്. അതിനാൽ തന്നെ സംസ്ഥാനത്തെ പത്ത് ശതമാനത്തോളം സ്‌നേഹാരമങ്ങളും നിർ‌മിച്ചത് കോഴിക്കോട് ജില്ലായിലാണ്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാന തലത്തിൽ 3000 സ്‌നേഹാരമങ്ങൾ നിർമിക്കാനാണ് ലക്ഷ്യം.