
കൊല്ലം: നിങ്ങളറിയില്ലേ നമ്മുടെ ഉമക്കുട്ടിയെ... യൂണിസെഫ് യൂത്ത് കണ്ടന്റ് ക്രിയേറ്ററും യുട്യൂബറും കുട്ടികളുടെ പ്രസിഡന്റും സ്പീക്കറുമൊക്കെയായ ഉമയ്ക്ക് ഹൈസ്കൂൾ വിഭാഗം പ്രസംഗമത്സരത്തിൽ എ ഗ്രേഡ്.
ഉമയ്ക്കെന്നും പ്രസംഗ മത്സരം ചിന്തകളും അഭിപ്രായങ്ങളും ആശയങ്ങളും പ്രകടിപ്പിക്കുള്ള മാർഗമാണ്. അവസരം കിട്ടുന്നിടത്തെല്ലാം പ്രസംഗിക്കും. 'പുതിയ കാലത്തെ ജനാധിപത്യത്തിന്റെ ജാഗ്രത" എന്ന വിഷയത്തിൽ പ്രസംഗിക്കുമ്പോൾ ജനാധിപത്യത്തെ കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഉമ പങ്കുവച്ചത്.
തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, മാനസികാരോഗ്യം, പോഷണം, ലിംഗനീതി തുടങ്ങി കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളിൽ യൂണിസെഫിനുവേണ്ടി വീഡിയോ, ഓഡിയോ കണ്ടന്റുകൾ നിർമ്മിക്കുകയാണ് ഉമയുടെ ചുമതല. കൊവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകിയ ഉമക്കുട്ടി യുട്യൂബിലും ശ്രദ്ധേയയാണ്.
തുടർന്ന് വനിതാ ശിശുവികസന വകുപ്പ് ഉജ്ജ്വലബാല്യം അവാർഡ് നൽകി ആദരിച്ചു. ചാനലിന് ഇപ്പോൾ രണ്ടേകാൽ ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സുണ്ട്. സംസ്ഥാന തല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രസിഡന്റ്, സ്പീക്കർ സ്ഥാനങ്ങളിലേക്ക് കഴിഞ്ഞ മൂന്ന് വർഷവും ഉമ തിരഞ്ഞെടുക്കപ്പെട്ടു.
കാത്തു, പൂപ്പി തുടങ്ങിയ കാർട്ടൂൺ പരമ്പരകളിൽ ശബ്ദവും നൽകിയിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിലും ആകാശവാണിയിലും നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ.സുജിത്തിന്റെയും അഡ്വ. എം.നമിതയുടെയും മകളാണ്. എം.ജി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ എസ്.അമലാണ് സഹോദരൻ.