crime
crime

' സുരക്ഷിത നഗരവും 'അത്ര സുരക്ഷിതമല്ല

കോഴിക്കോട്: അലുവയുടെയും ആഘോഷങ്ങളുടെയും ജില്ലയിൽ ആശങ്ക ഉയർത്തി കുറ്റകൃത്യങ്ങളുടെ പൊലീസ് കണക്കുകൾ. 32, 756 കുറ്റകൃത്യങ്ങളാണ് കടന്നുപോയ 2023ൽ ജില്ലയിൽ ഉണ്ടായത്. 'സുരക്ഷിത നഗരം' പദവി ലഭിച്ച കോഴിക്കോ

ടും അത്ര സുരക്ഷിതമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് 14, 627 കേസുകളാണ് പൊലീസ് പട്ടികയിലുള്ളത്. ഗ്രാമപ്രദേശങ്ങളിൽ 18, 129 കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. നഗരത്തേക്കൾ കുറ്റകൃത്യങ്ങളിൽ മുന്നിൽ നിൽക്കുന്നത് ഗ്രാമപ്രദേശങ്ങളാണ്. കഴിഞ്ഞ നാലു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഗ്രാമപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ ഉണ്ടായത് 2023ലാണ്. 2022ൽ 8732 കേസുകളാണ് ഉണ്ടായിരുന്നത്. ഗ്രാമപ്രദേശങ്ങളിൽ ഒരു വർഷം കൊണ്ട് കുറ്റകൃത്യങ്ങൾ ഇരട്ടിയായത് ആശങ്ക ഉയർത്തുകയാണ്. ഗ്രാമപ്രദേശങ്ങളിൽ സ്ത്രീകൾക്കെതിരെ 817 അതിക്രമങ്ങളാണ് ഉണ്ടായത്. കോഴിക്കോട് നഗര പരിധിയിൽ 2020ലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. 16866 കേസുകൾ. 2021- 2022 വർഷങ്ങളിൽ കേസുകൾ പതിനായിരത്തിലേക്ക് കുറഞ്ഞു. എന്നാൽ 2023ൽ 3000ത്തിലധികം കേസുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകളാണ് കൂടുതൽ. കഴിഞ്ഞ വർഷം ഒക്ടോബർ വരെ 700 കേസുകളാണ് ഈ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുതുതായി പ്രസിദ്ധീകരിച്ച രാജ്യത്തെ 10 സുരക്ഷിത നഗരങ്ങളിൽ ഇടം നേടിയ കോഴിക്കോടിനാണ് ഈ ദുരവസ്ഥ. സുരക്ഷിത നഗരങ്ങളുടെ ആദ്യ പട്ടികയിൽ കേരളത്തിൽ നിന്ന് ഇടംപിടിച്ച ഏക നഗരവും കോഴിക്കോടാണ്. ലഹരി കേസുകളും ജില്ലയിൽ ഏറി വരികയാണ്. കഴിഞ്ഞ ദിവസവും എം.ഡി.എം.എ കേസിൽ പയ്യാനക്കൽ സ്വദേശി അറസ്റ്റിലായതുൾപ്പെടെ നിരവധി പേരാണ് ലഹരിക്കേസിൽ കുടുങ്ങിയത്. ലഹരിക്കെതിരെ പൊലീസും എക്‌സൈസും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് കേസുകളുടെ എണ്ണം വ്യക്തമാക്കുന്നത്.