 
കൊല്ലം : ശധ കൊല്ലത്തെത്തിയത് കലോത്സവത്തെ അറിയാനല്ല. അറിയിക്കാനാണ്. ഹൈസ്കൂൾ വിഭാഗം പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി അവൾ അത് അറിയിക്കുകയും ചെയ്തു. വലിയ സ്വപ്നം ലക്ഷ്യം വെയ്ക്കുമ്പോൾ കാഴ്ചാ കുറവ് തനിക്കൊരു പരിമിതിയേ അല്ലെന്ന് തെളിയിക്കുകയാണ് കോഴിക്കോട് ചെറുവണ്ണൂർ ജി.വി.എച്ച്. എസ്. എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ശധ ഷാനവാസ്. സ്കൂളിൽ നിന്ന് സംസ്ഥാന കലോത്സവത്തിനെത്തിയ ഏക മത്സരാർത്ഥിയാണ് ശധ. എളുപ്പമായിരുന്നില്ല ശധയുടെ കലോത്സവ വേദിയിലേക്കുള്ള യാത്ര. സംഗീത പഠനം ഇപ്പോൾ നടക്കുന്നില്ല. കവിതകൾ കേട്ട് പഠിച്ചതാണ്. ഏറെ ഇഷ്ടപ്പെട്ട 'ജാനകി, പോരൂ' എന്ന കവിതയാണ് ശധ ചൊല്ലിയത്. സിവിൽ സർവീസ് സ്വപ്നം കാണുന്ന ശധയ്ക്ക് കലോത്സവ വേദി വെല്ലുവിളിയേയല്ല. ഹൈസ്കൂൾ വിഭാഗം പദ്യം ചൊല്ലലിന് പുറമെ പ്രസംഗത്തിലും മത്സരിക്കാമെന്ന് കരുതിയിരുന്നു. പദ്യം ചൊല്ലലിൽ ജില്ലയിൽ ഒന്നാമതായെങ്കിലും പ്രസംഗത്തിൽ രണ്ടാം സ്ഥാനമായിരുന്നു. അവസാന നിമിഷം വരെ അപ്പീലിൽ പ്രതീക്ഷ അർപ്പിച്ചെങ്കിലും അത് നടന്നില്ല, പക്ഷേ, അതൊന്നും ശധയെ തളർത്തിയില്ല. വൈകിട്ട് മൂന്നിന് നടക്കുന്ന പദ്യം ചൊല്ലൽ മത്സരമായിരുന്നു ലക്ഷ്യം. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. മത്സരം രണ്ടര മണിക്കൂറിലധികം വൈകി. ആറ് മണി കഴിഞ്ഞു വേദിയിൽ. ഫലമെത്തിയപ്പോൾ എ ഗ്രേഡ്. മുഖത്ത് പുഞ്ചിരി. പുതിയ പടവുകൾ കയറാനുള്ള ആത്മവിശ്വാസം. കൊയിലാണ്ടി അരിക്കുളം കളരിക്കണ്ടി മീത്തൽ ഷാനവാസിന്റെയും ശോണിമ ഷാനവാസിന്റെയും മകളാണ്. മാതാവ് ശോണിമയുടെയും അദ്ധ്യാപിക മേരി മിനിയുടെയും കൈ പിടിച്ചാണ് വേദിയിലെത്തിയത്. കേരള സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കറിന്റെ കൊച്ചുമകളാണ് ശധ.