img20240104
മുക്കം ബസ് സ്റ്റാൻറിൽ തല തിരിഞ്ഞ നിലയിൽ പാർക്കുകു ചെയ്ത ബസ്സുകൾ

മുക്കം: മുക്കം നഗരത്തിൽ സദാ തിരക്കനുഭവപ്പെടുന്ന പഴയ ബസ് സ്റ്റാന്റിൽ ബസുകൾ തല തിരിച്ച് പാർക്ക് ചെയ്യുന്നത് യാത്രക്കാരെ വലയ്ക്കുന്നു. പൊതുവെ ബസ് സ്റ്റാന്റുകളിൽ യാത്രക്കാർ കാത്തിരിക്കുന്ന സ്ഥലത്തിന് അഭിമുഖമായും യാത്രക്കാർക്ക് ബസ്സുകളുടെ മുൻവശവും ബോർഡും കെട്ടിടത്തിനകത്തുനിന്ന് വ്യക്തമായി കാണാനാവും വിധത്തിലാണ് പാർക്ക് ചെയ്യേണ്ടത്. എന്നാൽ പഴയ ബസ് സ്റ്റാൻഡിൽ ബസുകൾ തല തിരിച്ച് പാർക്ക് ചെയ്യുന്ന രീതിയാണ് കുറച്ചു കാലമായി തുടരുന്നത്. ബസിന്റെ മുൻവശവും ഏതു റൂട്ടിൽ എവിടേക്കു പോകുന്നതാണെന്ന് അറിയാനുള്ള ബോർഡും കാണണമെങ്കിൽ യാത്രക്കാർ ബസ് സ്റ്റാന്റിന്റെ മദ്ധ്യത്തിലിറങ്ങി മത്സരിച്ചോടികൊണ്ടിരിക്കുന്ന ബസുകൾക്കിടയിലേക്കിറങ്ങി നോക്കേണ്ട അവസ്ഥയാണ്. ഇത് പലപ്പോളും അപകടങ്ങൾക്കിടയാക്കുകയാണ്.

ഇങ്ങനെ തലതിരിച്ചു പാർക്ക് ചെയ്യുന്നതിനിടയിൽ പിന്നോട്ടെടുത്ത ബസിനും കെട്ടിടത്തിന്റെ തൂണിനും ഇടയിൽപ്പെട്ട് ഒരു സ്കൂൾ വിദ്യാർത്ഥി ചതഞ്ഞു മരിച്ച സംഭവം മുൻപുണ്ടായിരുന്നു.

മുക്കം ഹൈസ്കൂളിൽ നിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിൽ പോകാൻ താമരശ്ശേരി ഭാഗത്തേക്കുള്ള ബസ്സിൽ കയറാൻ കാത്തു നിന്ന ബാലനാണ് മരണപ്പെട്ടത്. അതിനെ തുടർന്ന് കുറച്ചു കാലം ബസുകൾ നേരെ നിറുത്തിയിട്ടെങ്കിലും വീണ്ടും തല തിരിച്ച് നിറുത്തിയിടുകയാണ്. അതേ റൂട്ടിലുള്ള മറ്റ് ബസുകൾ ബസ് സ്റ്റാന്റിലേക്ക് വരുന്നത് കണ്ടാലുടൻ പെട്ടെന്ന് മുന്നോട്ടെടുത്ത് ചീറിപ്പായാനുള്ള സൗകര്യം നോക്കിയാണ് ഇപ്പോൾ ബസുകൾ പാർക്കു ചെയ്യുന്നത്. കോഴിക്കോടു കുന്ദമംഗലം ഭാഗത്തേക്കും കൊയിലാണ്ടി താമരശ്ശേരി തിരുവമ്പാടി ഭാഗത്തേക്കും പോകുന്ന ബസുകളെല്ലാം ഇപ്പോൾ ഈ തല തിരിഞ്ഞ രീതിയാണ് പിന്തുടരുന്നത്.

പരിഹാരം വേണം

പ്രശനം ഗൗരവമുള്ളതാണെന്നും അപകടം സംഭവിക്കുന്നതിനു മുമ്പ് പരിഹാര നടപടി സ്വീകരിക്കണം- എ.കെ.സിദ്ദിഖ്,​ ജോ. സെക്രട്ടറി- റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് താലൂക്ക്

ശ്രദ്ധയിൽ പെട്ടു പരിഹാരമുണ്ടാക്കും

ബസുകൾ തല തിരിഞ്ഞ് പാർക്കു ചെയ്യുന്ന കാര്യവും അതുമൂലമുള്ള പ്രശ്നങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിൽ ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കും- പി.ടി. ബാബു

നഗരസഭ ചെയർമാൻ