adityan

കൊല്ലം: പ്രാണന്റെ പാതി വിധിയോടലിഞ്ഞപ്പോൾ ഉള്ളുലുഞ്ഞുപോയ സ്വാതിശ്രീ നന്ദനയോട് 'ബി. പോസിറ്റീവ്" എന്നായിരുന്നു അനിയനും ശിഷ്യനുമായ ആദിത്യന്റെ സ്നേഹോപദേശം. സ്വാതിശ്രീയെ ജീവിത്തിലേക്ക് മടക്കി വിളിച്ച വാക്കുകൾ. സ്വാതി തിരുന്നാൾ സംഗീത കോളേജിലെ മൂന്നാം റാങ്കുകാരിയായ സ്വാതിശ്രീയുടെ ഭർത്താവ് വിഷ്ണു ഉണ്ണിക്കൃഷ്ണനെ എട്ട് മാസം മുമ്പാണ് മരണം കവർന്നത്.

ഭർത്താവിന്റെ ബന്ധുവായ ആദിത്യന്റെ ഗുരുവായാണ് സ്വാതിശ്രീ നൃത്തവേദിയിലേക്ക് തിരിച്ചെത്തിയത്. ഇതിനിടയിലായിരുന്നു വിയോഗം. സ്വാതിശ്രീയുടെ ശിക്ഷണത്തിൽ കുച്ചിപ്പുടിയിൽ നേടിയ ബി ഗ്രേഡിനും സ്വർണത്തിളക്കമാണ്. എച്ച്.എസ് വിഭാഗം കുച്ചിപ്പുടിയിലാണ് ആദിത്യൻ മത്സരിച്ചത്. അഞ്ച് വയസുകാരൻ കാശിനാഥാണ് സ്വാതിശ്രീ നന്ദനയുടെ മകൻ. തിരുവനന്തപുരം ആര്യനാട് ഗവ. വി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് എ.ആദിത്യൻ.

 സൗജന്യ ശിക്ഷണം

പതിന്നാല് വർഷം മുമ്പ് തുടങ്ങിയ ശിവനന്ദന സ്കൂൾ ഒഫ് ഡാൻസിൽ നിലവിൽ 80 കുട്ടികൾ നൃത്തം അഭ്യസിക്കുന്നുണ്ട്. ഇതിൽ 30 പേരുടെ പഠനം സൗജന്യമാണ്. സ്‌കൂൾ കാലഘട്ടത്തിൽ കലോത്സവവേദിയിൽ സ്വാതിശ്രീ സജീവമായിരുന്നു. ചേട്ടൻ എ.ബി. അനന്ദുവിനെ പിന്തുടർന്നാണ് നൃത്തവേദിയിലെത്തിയത്. 2018ലാണ് ബിരുദം പൂർത്തിയാക്കിയത്. 2019ൽ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണനെ വിവാഹം കഴിച്ചു. മകൻ ജനിച്ചതോടെ പിണക്കത്തിന്റെ മഞ്ഞുരുകി. രണ്ട് വർഷം പ്രവാസിയായിരുന്ന വിഷ്ണു കഴിഞ്ഞ ഏപ്രിലാണ് മരിച്ചത്.