ബേപ്പൂർ: ബേപ്പൂർ അങ്ങാടിയിൽ തുറമുഖ റോഡ് ജംഗ്ഷനിൽ 42 വർഷം മുമ്പ് തുറമുഖ വകുപ്പ് സ്ഥാപിച്ച ചരിത്ര സ്തൂപം ഏത് നിമിഷവും നിലം പതിക്കാറായ നിലയിലാണ്. 12 അടിയോളം ഉയരവും അഞ്ച് അടിയോളം വീതിയുമുള്ള സ്തൂപം പൂർണ്ണമായും തകർന്ന നിലയിലാണ്. ഇഷ്ടിക ഉപയോഗിച്ചാണ് സ്തൂപം പണിതത്. സ്തൂപത്തിന്റെ മുകൾ ഭാഗത്ത് ഇരുമ്പ് കമ്പികൾ ദ്രവിച്ച് പുറമേക്ക് തള്ളിയ നിലയിലാണ്. 1982 ൽ മുഖ്യമന്ത്രി കരുണാകരണനാണ് സ്തൂപത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. കടൽ ഭിത്തി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് തുറമുഖ വകുപ്പ് ഇവിടെ സ്തൂപം പണിതത്. സ്തൂപത്തിന് കീഴെ ഇരിപ്പിടങ്ങൾ സ്ഥാപിച്ചതിൽ നിരവധി പേരാണ് ദിവസവും ചിലവഴിക്കുന്നത്. നാട്ടുകാരുടെ അപായമുന്നറിയിപ്പ് വകവെക്കാതെയാണ് ആളുകൾ ഇവിടെ ഇരിക്കുന്നത്. സ്തൂപത്തിൽ സ്ഥാപിച്ച അലങ്കാര ബൾബുകൾ വർഷങ്ങൾക്ക് മുമ്പ് തന്നെ നശിച്ചിരുന്നു. ഈ ഭാഗത്ത് വെച്ച് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വിവിധ സംഘടകളുടെ യോഗങ്ങൾ നടക്കാറുണ്ടെങ്കിലും ആരും തന്നെ സ്തൂപത്തിന്റെ നിലനിൽപിന് പ്രാധാന്യം നൽകാറില്ല. യോഗങ്ങൾ നടക്കുമ്പോൾ ഈ സ്തൂപത്തിന് ചുറ്റും ജനങ്ങൾ നിൽക്കുന്നത് പതിവാണ് . സ്തൂപത്തിന് സമീപമുളള തണമരത്തിന്റെ ശാഖകൾ സ്തൂഭത്തിന് മുകളിലേക്ക് പടർന്ന നിലയിലാണ്. ഇതും അപകടഭീഷണിയുയർത്തുന്നതാണ്.