maping
സമഗ്ര ജി.ഐ.എസ് മാപ്പിംഗ്

കോഴിക്കോട്: വിവരങ്ങൾ വിരൽ തുമ്പിൽ എന്ന ലക്ഷ്യവുമായി കോർപ്പറേഷനിൽ സമഗ്ര ജി.ഐ.എസ് (ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം) മാപ്പിംഗ് നടപ്പാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് എസ്.കെ പൊറ്റെക്കാട്ട് ഹാളിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. നാല് കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ സാങ്കേതിക വിഭാഗം യു.എൽ ടെക്‌നോളജി സൊല്യൂഷൻസാണ് പദ്ധതി നടപ്പാക്കുക. കണ്ണൂർ, കൊല്ലം കോർപ്പറേഷനുകൾ മാത്രമാണ് സമഗ്ര ജി.ഐ.എസ് മാപ്പിംഗ് പൂർത്തിയാക്കിയത്. ഡ്രോൺ സർവേ നടത്തിയാണ് മാപ്പിംഗ് ആരംഭിക്കുക. ആദ്യഘട്ടം റോഡ് മാർക്കിംഗ് നടക്കും. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. നഗരാസൂത്രണത്തിനും പദ്ധതി രൂപവത്കരണത്തിനും വേഗത നൽകുന്ന മാപ്പിംഗിന് ഡ്രോൺ, ഡി.ജി.പി.എസ്, ജി.പി.എസ്, മൊബൈൽ ആപ് തുടങ്ങിയവ ഉപയോഗിക്കും. കോർപ്പറേഷൻ പരിധിയിലെ പൊതുവായുള്ള ആസ്തികളെല്ലാം അടിസ്ഥാന വിവരങ്ങളോടെ മാപ് ചെയ്യും. വിശകലന സൗകര്യത്തോടെയുള്ള വെബ് പോർട്ടലിലൂടെ ആവശ്യാനുസരണം ഈ വിവരങ്ങൾ കോർപ്പറേഷന് കിട്ടും. റോഡ്, ഓവുപാലം, പാലം, തെരുവ് വിളക്ക്, മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം സർവേയിൽ ഉൾപ്പെടും. ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്തവ കണ്ടെത്താനും റോഡ് ഉൾപ്പെടെയുള്ളവയുടെ ആസ്തി രജിസ്റ്റർ നവീകരിക്കാനും അനധികൃത നിർമാണങ്ങൾ കണ്ടെത്താനും സഹായകമാവും.
വിവരങ്ങൾ മൊത്തം ഡിജിറ്റൽ ചെയ്യുകയെന്നതും ലക്ഷ്യമിടുന്നു. മാസ്റ്റർ പ്ലാൻ, ഡി.ടി.പി സ്‌കീമുകൾ തയ്യാറാക്കൽ, ദുരന്ത നിവാരണ പ്രവർത്തനം എന്നിവക്കെല്ലാം കൃത്യതയുള്ള വിവരങ്ങൾ ഉപകാരപ്പെടും. ക്ഷേമപദ്ധതികൾ അർഹരിൽ എത്തിക്കുക, അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, കൃഷി, വ്യവസായം, ആരോഗ്യം തുടങ്ങിയവയും നവീകരണത്തിന് മാപ്പിംഗ് വഴി സാദ്ധ്യമാക്കും. വാർത്താസമ്മേളനത്തിൽ മേയർ ഡോ. ബീന ഫിലിപ്പ് , ഡെപ്യൂട്ടി മേയർ സി.പി .മുസാഫിർ അഹമ്മദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.സി. രാജൻ, സി.രേഖ, ഒ.പി ഷിജിന തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അറിയിച്ചു.