കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ അഴകാണ് മാനാഞ്ചിറ സ്ക്വയർ. എന്നാൽ നാളൊരുപാടായി മാനാഞ്ചിറ സ്ക്വയർ പരിസരത്തെ റോഡിങ്ങനെ വെള്ളക്കെട്ടിൽ മുങ്ങാൻ തുടങ്ങിയിട്ട്. പത്രമാധ്യമങ്ങളെല്ലാം വാർത്തകളും ചർച്ചകളും ഒരുപാട് നടത്തി. പക്ഷെ പരിഹാരം നിർദേശിക്കേണ്ടവരും ചെയ്യേണ്ടവരുമെല്ലാം ഇപ്പഴും മൗനം തുടരുകയാണ്.
ചെറിയ മഴ പെയ്താൽ മതി എൽ.ഐ.സി ബസ്റ്റോപ്പിനും കിഡ്സൻ കോർണറിനുമിടയിലെ റോഡ് വെള്ളത്തിലാവാൻ. ഇവിടെയാണ് ഓട്ടോ സ്റ്റാൻഡും സ്പോർട്സ് കൗൺസിൽ ഓഫീസും. ബഷീർ റോഡിലേക്ക് തിരിയുന്നതും ഇവിടെ നിന്ന്. എന്തിനേറെ കണ്ണൂരിലേക്കും വയനാട്ടിലിക്കും പോകേണ്ട ദേശീയപാത കൂടിയാണിവിടം. കൃത്യമായ അഴുക്കുചാൽ സംവിധാനമില്ലാത്തതാണ് പ്രശ്നമെന്ന് നാളേറെയായി ജനം പറയുമ്പോഴും അധികൃതരാരും ചെവികൊള്ളുന്നില്ല. മിഠായിത്തെരുവിലേക്കും ബസ്റ്റോപ്പിലേക്കുമെല്ലാം ജനം മലിന ജലത്തിൽ നീന്തിക്കടക്കുന്ന കാഴ്ച ദയനീയമാണ്. അതിലേറെ വാഹനങ്ങൾ ചീറിപ്പാഞ്ഞ് തെറിപ്പിക്കുന്ന വെള്ളത്തിൽ മുങ്ങേണ്ട അവസ്ഥയും അങ്ങേയറ്റം പരിതാപകരം. എന്നെങ്കിലും ശരിയാവുമോ 'അഴകേ' എന്ന് ചോദിച്ചാൽ അതിന് മറുപടി ആരുടേയും കൈയിലില്ല.