kanoli
കനോലിക്കനാൽ

കനാലിന്റെ സംരക്ഷണത്തിന്

കർമ്മപദ്ധതികളുമായി

ജില്ലാ ഭരണകൂടം

കോഴിക്കോട്: കോഴിക്കോടിന്റെ കണ്ണീർപൊട്ടായി ഒഴുകുന്ന കനോലിക്കനാലിന്റെ രക്ഷയ്ക്ക് കർമ്മ പദ്ധതികളുമായി ജില്ലാ ഭരണകൂടം. ആദ്യഘട്ടമായി കനാലിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തും. ഇതിന്റെ മുന്നോടിയായി കോർപ്പറേഷന്റെ നേതൃത്വത്തിൽ കനോലി കനാലിന്റെ ഇരുകരകളിലുമുള്ള വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ മാപ്പിംഗ് നടത്തും. കനാൽ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തും. കനാൽ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
കല്ലായിപ്പുഴയിൽ നിന്ന് എരഞ്ഞിക്കൽ വരെ നീളുന്ന കനോലി കനാൽ കാരപ്പറമ്പിന് ശേഷമാണ് കറുത്തൊഴുകുന്നത്. സമീപത്തെ ആശുപത്രികളും ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം മലിനജലം കനാലിലേക്ക് ഒഴുക്കുന്നതും നഗര മാലിന്യം തള്ളുന്നതുമാണ് കനാലിനെ ഇത്രമേൽ മലിനമാക്കിയത്. ആക്ഷേപം വ്യാപകമാവുന്ന സാഹചര്യത്തിലാണ് ജില്ലാകളക്ടറുടെ നേരിട്ടുള്ള ഇടപെടൽ.

പ്രത്യേക യോഗം

വിളിച്ച് കളക്ടർ

കോഴിക്കോട്: കനോലിക്കനാലിൽ വ്യാപകമായി മലിന്യം തള്ളുന്നതായ ആക്ഷേപത്തെ തുടർന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ പങ്കെടുപ്പിച്ച് പ്രത്യേകം യോഗം ചേർന്നു. ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ എം ഗൗതമൻ, തദ്ദേശസ്ഥാപന വകുപ്പ് അസി.ഡയരക്ടർ പൂജ ലാൽ, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ മുനവർ റഹ്മാൻ, ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു.

ശ്രദ്ധിക്കാൻ

കനാലിന് ഇരുവശങ്ങളിലുമുള്ള വീടുകളും കടകളും മറ്റ് സ്ഥാപനങ്ങളും സ്വന്തമായി മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ ഒരുക്കണം.

കനാൽ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം

കനാലിനെ മലിനമാക്കുന്നവർക്കെതിരെ കോർപ്പറേഷൻ കർശന നടപടിയെടുക്കണം.

'കനാൽ മലിനീകരണത്തിന് കാരണക്കാരാവുന്നവരെ കണ്ടെത്തിയാൽ അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും'

സ്‌നേഹിൽ കുമാർ സിംഗ് ,​ ജില്ലാ കലക്ടർ,​ കോഴിക്കോട്.