1

കൊല്ലം: ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടിക്ക് മത്സരിക്കാൻ മേക്കപ്പണിഞ്ഞപ്പോഴാണ് നെടുമങ്ങാട് ദർശന എച്ച്.എസ്.എസിലെ എസ്.എൽ.ദിയ 'പിൻകെട്ട്' എടുത്തില്ലെന്നറിയുന്നത്.

അവസാന നിമിഷം വേദിയിൽ കയറാനാവില്ലെന്നുറച്ച് ഉള്ളുലഞ്ഞപ്പോഴാണ് സഹമത്സരാർത്ഥി അശ്വനി തന്റെ പിൻകെട്ട് അഴിച്ച് നൽകിയത്. കലോത്സവത്തിലെ മത്സരകാലത്ത് സഹമത്സരാർത്ഥിയെ ചേർത്തുപിടിച്ച അശ്വനിയുടെ മനസിന് കുച്ചിപ്പുടിക്ക് കിട്ടിയ എ ഗ്രേഡിനേക്കാൾ തിളക്കം.

തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ എച്ച്.എസ്.എസ് കുച്ചിപ്പുടിക്കിടെയാണ് അശ്വനിയും ദിയയും കാണുന്നത്. കോട്ടൺഹിൽ എച്ച്.എസ്.എസിലെ അശ്വിനിക്കായിരുന്നു ഒന്നാം സ്ഥാനം. അപ്പീലുമായി കൊല്ലത്തെത്തിയ നെടുമങ്ങാട് ദർശന എച്ച്.എസ്.എസിലെ എസ്.എൽ.ദിയയ്ക്ക് മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും മേക്കപ്പ് ചെയ്യുന്നതിനിടെയാണ് പിൻകെട്ടെടുക്കാൻ (ബാക്ക് ഷീറ്റ്, കസവ് കര) മറന്ന കാര്യം അറിയുന്നത്. കുച്ചിപ്പുടിയുടെ വസ്ത്രം ഉറപ്പിക്കാൻ പിൻകെട്ട് അത്യാവശ്യം. സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ പാഴായി. ഒടുവിൽ നിരാശയോടെ മടങ്ങുമ്പോഴാണ് അശ്വിനിയോട് കാര്യം പറയുന്നത്. ഒന്നും ആലോചിക്കാതെ അശ്വിനി താൻ കെട്ടിയ പിൻകെട്ട് ദിയയ്ക്ക് അഴിച്ചുനൽകി. ദിയയ്ക്കായിരുന്നു ആദ്യ അവസരം. അശ്വനിയുടെ മാതാപിതാക്കമായ ശ്രീകുമാറിനും അമ്മ സിന്ധുജയ്ക്കും എതിർപ്പുണ്ടായില്ല. ദിയ മത്സരം പൂർത്തിയാക്കിയ ശേഷം പിൻകെട്ട് തിരിച്ചു നൽകുകയും അശ്വിനി മത്സരിക്കുകയും ചെയ്തു. കരകുളം ബിജുമോനാന് ദിയയുടെ ഗുരു. രാഗിണി.ആർ.പണിക്കരുടെ ശിഷ്യയാണ്. മത്സരത്തിൽ അശ്വനിക്ക് എ ഗ്രേഡ് ലഭിച്ചെങ്കിലും ദിയയുടേത് അപ്പീൽ വഴിയായതിനാൽ ഫലം പ്രഖ്യാപിച്ചിട്ടില്ല. പത്തിന് ദിയയുടെ ഫലം വരും.