ai
എ.ഐ തട്ടിപ്പ്

കോഴിക്കോട്: കേരളത്തിലെ ആദ്യ എ.ഐ സാങ്കേതിക വിദ്യ തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശിയായ പരാതിക്കാരന് നഷ്ട്ടപ്പെട്ട പണം തിരികെ ലഭിച്ചു. കോൾ ഇന്ത്യ ലിമിറ്റഡിലെ റിട്ട. സീനിയർ മാനേജരും കോഴിക്കോട് പാലാഴി സ്വദേശിയുമായ പി.എസ് രാധാകൃഷ്ണനാണ് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരികെ ലഭിച്ചത്. സുഹൃത്തിന്റെ രൂപം വീഡീയോകോളിൽ എ.ഐ ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യയിലൂടെ സൃഷ്ടിച്ചാണ് ഇയാൾ 40000 രൂപ തട്ടിയെടുത്തത്. സോഷ്യൽ മീഡിയയിൽ നിന്ന് ഇദ്ദേഹത്തിന്റെ ശബ്ദവും രൂപവും ചോർത്തി വ്യാജ വീഡിയോ നിർമ്മിക്കുകയായിരുന്നു. സിറ്റി സൈബർ ക്രൈം പൊലീസിന്റെ അന്വേഷണത്തിനോടനുബന്ധിച്ചു നൽകിയ റിപ്പോർട്ട് പ്രകാരം കോഴിക്കോട് സി ജെ.എം കോടതി പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരമാണ് പരാതിക്കാരന് പണം തിരികെ ലഭിച്ചത്.

ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളിൽ കണ്ടത്. പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. താൻ ഇപ്പോൾ ദുബായിലാണെന്നും ബന്ധുവിന്റെ ചികിത്സയ്ക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു ആദ്യം 40,000 രൂപ ആവശ്യപ്പെട്ടത്. വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നുകയും സുഹൃത്തിനെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്. കേസിനോടനുബന്ധിച്ചു ഗുജറാത്തിൽ നിന്നും അറസ്റ്റിലായ ഷെഖ് മുർത്തുസാമിയ ഹയാത്ഭായിയും ഗോവയിലെ പഞ്ചിമിൽ നിന്നും അറസ്റ്റിലായ സിദ്ധേഷ് ആനന്ദ് കാർവെയും അശോക് പാട്ടീലും കോഴിക്കോട് ജില്ലാ ജയിലിലും ഒന്നാം പ്രതിയായ ഗുജറാത്ത് സ്വദേശിയായ കൗഷൽ ഷാ ഡൽഹിയിലെ തീഹാർ ജയിലിലും റിമാൻഡിലാണ്.