 
കോഴിക്കോട്: റോഡുകൾ, കലുങ്കുകൾ, പാലങ്ങൾ, തെരുവ് വിളക്കുകൾ തുടങ്ങിയവ അറിയാൻ ഇനി കോർ
പ്പറേഷൻ ഓഫീസ് കയറിയിറങ്ങേണ്ട. വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. കോർപ്പറേഷനിൽ സമഗ്ര ജി.ഐ.എസ് (ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം) മാപ്പിംഗിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഡ്രോൺ സർവേ പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡ്രോൺ, ഡി.ജി.പി.എസ്, ജി.പി.എസ്, മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവയുടെസഹായത്തോടെ കോർപ്പറേഷൻ പരിധിയിലെ മുഴുവൻ പൊതു ആസ്തികളും അടിസ്ഥാന വിവരങ്ങളോടെ മാപ്പ് ചെയ്യുകയും വിശകലന സൗകര്യത്തോടെ വെബ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും വഴി ആവശ്യമായ വിവരങ്ങൾ ആവശ്യമുള്ള രീതിയിൽ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും വിരൽത്തുമ്പിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ സാങ്കേതിക വിഭാഗമായ യു.എൽ.ടെക്‌നോളജി സൊല്യൂഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.
മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ. എമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, സ്ഥിരം സമിതി ചെയർമാന്മാരായ ഒ.പി.ഷിജിന, പി.ദിവാകരൻ, ഡോ.എസ്.ജയശ്രീ, പി.സി.രാജൻ, കൃഷ്ണകുമാരി, പി.കെ.നാസർ, സി.രേഖ, കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി,അഡീഷണൽ സെക്രട്ടറി ഷെറി തുടങ്ങിയവർ പങ്കെടുത്തു.