
കൊല്ലം: രണ്ടു പതിറ്റാണ്ട് മുമ്പ് കേരളോത്സവത്തിൽ മിമിക്രി മത്സരത്തിന് കോഴിക്കോട്ട് നിന്ന് കൊല്ലത്തെത്തിയ ഷൈജുവിന്റെ സ്വപ്നം സുനാമി തിരയിൽ മുങ്ങി. മത്സരം നടന്നില്ല, നിരാശയോടെ മടങ്ങി. ഇന്ന് അതേ കൊല്ലത്ത് മകൾ തേജലക്ഷ്മിക്ക് സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ എ ഗ്രേഡ്. മകളെ നെഞ്ചോട് ചേർത്ത് നെറുകയിൽ മുത്തം നൽകുമ്പോൾ ഷൈജുവിന്റെ കണ്ണുകൾ നനവാർന്നു.
മിമിക്രി കലാകാരനായ കോഴിക്കോട് പേരാമ്പ്ര സ്വദേശി ഷൈജുവിന്റെ അതേ പാതയിലാണ് മകൾ പേരാമ്പ്ര എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി തേജലക്ഷ്മിയും. മിമിക്രിക്ക് പുറമേ നാടൻ പാട്ടിലും തേജ എ ഗ്രേഡ് നേടി. 16 വർഷം മുമ്പ് ബാലുശേരിയിലെ സ്‌റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനിടെ അവിടെ നൃത്തം ചെയ്യാനെത്തിയ നിഷ ഷൈജുവിന്റെ മനസിൽ കയറിക്കൂടി. വേദിയിലെ പ്രണയത്തുടർച്ചയിൽ വിവാഹം. നൃത്താദ്ധ്യാപികയായ നിഷ വിവാഹശേഷം മിമിക്രിയും പഠിച്ചു.
മൂന്നാംവയസിൽ അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് തേജയും കലാരംഗത്തെത്തി. പിന്നീട് കലോത്സവമടക്കം നിരവധി വേദികൾ. അതിനിടെ ഒരു സിനിമയിൽ അഭിനയിക്കാനും ക്ഷണം ലഭിച്ചു. ആ ത്രില്ലിനിടയിലാണ് കൊല്ലത്ത് കലോത്സവത്തിന് എത്തിയത്. 2018ലെ പ്രളയമായിരുന്നു മിമിക്രിയിൽ അവതരിപ്പിച്ചത്. അച്ഛൻ തന്നെയാണ് ഗുരു.
'കപ്പേള', 'പത്മവ്യൂഹത്തിലെ അഭിമന്യു' എന്നീ സിനിമകളിൽ ഷൈജുവും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് പാലോറ എച്ച്.എസ്.എസിലെ നിഷാൻ മുഹമ്മദെന്ന ഷൈജുവിന്റെ ശിഷ്യനും കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ചു.
''സുനാമി കാരണം നഷ്ടപ്പെട്ട കൊല്ലത്തെ വേദി ഇന്നും മനസിൽ നോവാണ്. അതിനുള്ള മരുന്നാണ് മകളുടെ എ ഗ്രേഡ്.
-ഷൈജു പേരാമ്പ്ര