kaya
kaya

കോഴിക്കോട്: കർഷകരുടെ നടുവൊടിച്ച് ഏത്തവാഴ വില കുത്തനെ ഇടിയുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഏത്തക്കായ എത്തിയതോടെ നാടന്റെ വില കുത്തനെ ഇടിഞ്ഞതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. തുടർച്ചയായുണ്ടാകുന്ന വിലയിടിവ് കർഷകരെ വളരെയധികം ബാധിച്ചിരിക്കുകയാണ്. ആകെ ഓണക്കാലത്ത് മാത്രമാണ് നല്ലവില ലഭിക്കുന്നത്. അതിനു ശേഷമുള്ള മാസങ്ങളിൽ സ്ഥിതി വളരെ മോശവുമാണ്. സീസൺ സമയങ്ങളിൽ കിലോയ്ക്ക് 60 മുതൽ ലഭിച്ചിരുന്നത് ഇപ്പോൾ 30 ൽ താഴെയായി. മാർക്കറ്റുകളിൽ പച്ചയ്ക്ക് 15 രൂപയും പഴത്തിന് 25-30 രൂപയുമായി വില താഴ്ന്നു. മൈസൂർ കുലയ്ക്ക് 30 രൂപയുണ്ടെങ്കിലും
കർഷകന് കിട്ടുന്നത് വെറും 10- 15 രൂപ മാത്രമാണ്. നേന്ത്രക്കുല കലോഗ്രാമിന് 20 രൂപ മുതൽ 22 രൂപ വരെയാണ് പ്രദേശിക വിപണിയിൽ വില. ഇതുമൂലം കർഷകർ നേരിടുന്ന നഷ്ടം ഭീമമാണ്. നേന്ത്രവാഴകൃഷി നഷ്ടമില്ലാതെയാകണമെങ്കിൽ കിലോയ്ക്ക് 35 രൂപയെങ്കിലും ലഭിക്കണം.

നാടൻ ഏത്തക്കുലയ്ക്ക് ഗുണനിലവാരം കൂടുതലാണെങ്കിലും മറുനാടൻ ഏത്തക്കുലകളാണ് വിപണിയിൽ കൂടുതലുള്ളത്. വിളവെടുപ്പ് സമയമായതിനാൽ വയനാട്, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് ദിവസവും ടൺ കണക്കിന് ഏത്തക്കുലകളാണ് ഓരോ ദിവസവും കടകളിലെത്തുന്നത്. നാടൻ കുലകളെ അപേക്ഷിച്ച് ഇതിന് വിലയും കുറവാണ്.

@മനം മടുത്ത് കർഷകർ


വില കുത്തനെ ഇടിഞ്ഞതോടെ മുടക്കു മുതൽ പോലും ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ. വില കുത്തനെ ഇടിഞ്ഞതോടെ വിലയിടിഞ്ഞതോടെ വാഴത്തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടി വിൽക്കാനാവാത്ത അവസ്ഥയിലാണ് ജില്ലയിലെ കർഷകർ. കാലാവസ്ഥാ വ്യതിയാനവും വളം, കീടനാശിനി വില വർദ്ധനയും സൃഷ്ടിച്ച പ്രതിസന്ധി തുടരുമ്പോഴാണ് വിലക്കുറവ് കർഷകർക്ക് ഇരട്ടി ആഘാതം സൃഷ്ടിക്കുന്നത്. ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണ്. വളം വിലയും പണിക്കൂലിയും പാട്ടത്തുകയും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെന്ന് കർഷകർ പറയുന്നു.

@ ചെലവ് കൂടുതൽ വരവ് കുറവും

ഒരു ഏത്തവാഴ പരിപാലിച്ചു പാകമാകണമെങ്കിൽ 150- 200 രൂപയോളം ചെലവുണ്ട്. എന്നാൽ ഇതിന്റെ പകുതി പോലും പലപ്പോഴും കർഷകർക്ക് ലഭിക്കുന്നില്ല. ശരാശരി 10 കിലോഗ്രാമാണ് ഒരു നേന്ത്രക്കുലയുടെ തൂക്കം. ഓരോ കുല തൂക്കുമ്പോഴും ഒന്നര കലോഗ്രാം തണ്ടുകനം കച്ചവടക്കാർ കുറക്കും. നിലവിൽ കൂടുതൽ പേർക്കും കരനേന്ത്ര വാഴ കൃഷിയോടാണ് താൽപര്യം കാണിക്കുന്നത്. വയലിൽ വാഴ നടുമ്പോഴുള്ള ചെലവിന്റെ പകുതിയിൽ താഴെ മതി കരനേന്ത്രവാഴയ്ക്ക് എന്നതാണ് ഇതിന് കാരണം. ശരാശരി 10 കിലോഗ്രാം തൂക്കമുള്ള ഒരു വാഴക്കുല ലഭിച്ചാൽ കിലോഗ്രാമിനു 35 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ചെറിയ ലാഭത്തിന് സാധ്യതയുള്ളൂ. മിക്കപ്പോഴും ഇതു ലഭിക്കാറില്ല. കാലാവസ്ഥാ വ്യതിയാനം സംഭവിച്ചാൽ നഷ്ടം ഇരട്ടിയാകും. രോഗബാധയും കാലാവസ്ഥാ വ്യതിയാനവും വന്യമൃഗശല്യം മൂലവും നിലവിൽ കടുത്ത പ്രതിസന്ധിയിലാണ് മേഖല. സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ കർഷകർ കടക്കെണിയിലാകുമെന്ന കാര്യത്തിൽ തർക്കമില്ല.