photo
വഴിയോര കച്ചവടം

ബാലുശ്ശേരി: നടപ്പാതകളും റോഡരികുകളും കൈയടക്കിയാണ് വഴിയോര കച്ചവടക്കാർ കച്ചവടം നടത്തുന്നത്.

കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയോരങ്ങളിൽ കാണുന്ന വഴിയോര കച്ചവടം ഇതിനുദാഹരണമാണ്.

നേരത്തെ വഴിയോര കച്ചവടക്കാരായി എത്തിയിരുന്നത് അന്നന്നത്തെ ജീവിതം തള്ളിനീക്കാനായിരുന്നു. ഇപ്പോൾ അവരെയും പിന്തിരിപ്പിക്കും വിധമാണ് പുതിയ കച്ചവടം. ചുരുക്കം ചിലരെ മാറ്റി നിർത്തിയാൽ ഏറേ പേരും വമ്പൻ മാരുടെ ബിനാമികളാണ്. ഇവർ രാവിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി എത്തിക്കും. പിന്നീട് വില്പനയ്ക്കായി ഓരോ പ്രദേശത്തേക്കുള്ള ആളുകളെ നിശ്ചയിക്കും. സാധനം രാവിലെ ഇറക്കി കൊടുക്കും വൈകീട്ട് പണം നല്കിയാൽ മതി. ചിലർ നേരിട്ട് തന്നെ കൂലിക്ക് ആളെ വെച്ച് കച്ചവടം നടത്തും. ചില സ്ഥലങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിലും കച്ചവടം നടത്തുന്നുണ്ട്. പ്രധാനമായും പച്ചക്കറികളും പഴവർഗ്ഗങ്ങളുമാണ് ഇങ്ങനെ വ്യാപാകമായി നടത്തുന്നത്. ചിലർ വാഹനങ്ങളിൽ സാധനങ്ങൾ കൊണ്ട് വന്ന് റോഡരികിൽ പാർക്ക് ചെയ്ത് വാഹനത്തിൽ നിന്ന് തന്നെ കച്ചവടം നടത്തുന്നു. തുണിത്തരങ്ങൾ, ചെരുപ്പ് , പഴംപച്ചക്കറികൾ തുടങ്ങി മിക്ക സാധനങ്ങളുടേയും മാർക്കറ്റ് വഴിയോരമായിരിക്കുകയാണ്.

വലിയ തോതിൽ അഡ്വാൻസ് കൊടുത്തും വാടക ഇനത്തിൽ വലിയ സംഖ്യകളും മറ്റും നല്കി കച്ചവടം ചെയ്യുന്നവരുടെ സ്ഥിതി ഇപ്പോൾ ദയനീയമാണ്. റോഡരികിൽ ഇത്തരം നിയമ ലംഘനങ്ങൾ നടക്കുന്നുണ്ടെങ്കിലും പൊലീസും ആരോഗ്യ വകുപ്പും കാര്യമായി ഇടപെടുന്നില്ല എന്ന ആക്ഷേപവും നിലനില്ക്കുന്നുണ്ട്. ഫുട്പാത്തിലും റോഡിലേയ്ക്ക് ചേർന്നും തട്ടുകൾ അടിച്ചാണ് പഴം, പച്ചക്കറി പോലുള്ള സാധനങ്ങൾ വിറ്റഴിക്കുന്നത്. കാൽനടയാത്രക്കാർക്ക് വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പച്ചക്കറികളും പഴങ്ങളും വാങ്ങുന്നവർ അധികവും റോഡിൽ നിന്നാണ് വാങ്ങുക. ഇത് അപകടത്തിന് ഇടയാക്കാറുണ്ട്. ഇരുചക്ര വാഹനങ്ങളിലും മറ്റും എത്തുന്നവരും ഇത്തരത്തിൽ അപകടത്തിനും ഗതാഗതക്കുരുക്കിനും വഴിവെയ്ക്കുണ്ട്. എത്രയും പെട്ടന്ന് ഇതിന് ഒരു ശാശ്വത പരിഹാരം കാണണമെന്ന് ജനങ്ങളുടെ ആവശ്യം.

കട മുറിയുടെ വാടക, പഞ്ചായത്ത് ലൈസൻസ്, ലേബർ രജിസ്ട്രേഷൻ, അളവ് തൂക്ക ഉപകരണങ്ങളുടെ ലൈസൻസ്, വൈദ്യുതി ചാർജ്ജ് എന്നിവ നല്കിയും വ്യാപാര മാന്ദ്യവും നേരിടുന്ന ഈ അവസരത്തിൽ തെരുവ് കച്ചവടക്കാരെ നിർബന്ധമായും നിയന്ത്രിക്കേണ്ടതാണ്.

.

കെ.പി. സുരേഷ് ബാബു

പ്രസിഡന്റ്

വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി യൂനിറ്റ് .

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വ്യാപാര സ്ഥാപനങ്ങൾ അനുദിനം അടച്ചു പൂട്ടുകയാണ്. അവശേഷിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ കൂടി പ്രതിസന്ധിയിലാക്കുന്ന നിലയിൽ പെരുകി വരുന്ന അനധികൃത തെരുവ് കച്ചവടം നിയന്ത്രിച്ചു നിയമവിധേയമായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ സംരക്ഷിക്കാൻ ഗവ. നടപടി സ്വീകരിക്കണം

പി.ആർ. രഘൂത്തമൻ ,

വ്യാപാരി വ്യവസായി സമിതി

ജോ. സെക്രട്ടറി

കോഴിക്കോട് ജില്ലാ കമ്മിറ്റി