കൊല്ലം: അത്യന്തം നാടകീയമായ കലാപോരാട്ടത്തിൽ കോഴിക്കോടിന് കണ്ണീർ മടക്കം. അവസാനം കപ്പിലേയ്ക്ക് അടുത്തെങ്കിലും കോഴിക്കോടിന് പിഴച്ചു. ആദ്യ ദിവസം മുന്നിലെത്തിയ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോടിന് തുടർന്നുള്ള ദിവസങ്ങളിൽ ലീഡ് നിലനിറുത്താൻ സാധിച്ചില്ല.

അവസാന ദിവസമായ ഇന്നലെ നടത്തിയ കുതിപ്പിൽ ഒരുവേള മുന്നിലെത്താൻ സാധിച്ചെങ്കിലും കണ്ണൂർ ലീഡ് തിരിച്ചു പിടിച്ചു.

21-ാം കിരീടം ലക്ഷ്യമിട്ട കോഴിക്കോടിന് നിരാശ. ചാമ്പ്യൻ ടീമിന് സ്വർണക്കപ്പ് സമ്മാനിക്കാൻ ആരംഭിച്ച 1987 മുതൽ 16 തവണയാണ് കോഴിക്കോട് കലാകീരീടം ചൂടിയത്.


1959ൽ പാലക്കാട് നടന്ന മൂന്നാം സ്​കൂൾ കലോത്സവത്തിലാണ് കോഴിക്കോട് ആദ്യമായി കിരീടം ചൂടുന്നത്. 2007ൽ കണ്ണൂരിൽ നടന്ന കലോത്സവം മുതൽ കോഴിക്കോട് തുടർച്ചയി വിജയിച്ചിരുന്നു. 2019ൽ ആലപ്പുഴയിൽ പാലക്കാടിന് മുന്നിൽ കീഴടങ്ങിയതാണ് കോഴിക്കോടിന് തിരിച്ചടിയായത്. 2020ലും കിരീടം അകന്നുനിന്നു. രണ്ട് വർഷം കൊവിഡ് കാരണം കലോത്സവം നടന്നില്ല. കഴിഞ്ഞ വർഷം കോഴിക്കോട് കിരീടം തിരിച്ചു പിടിക്കുകയായിരുന്നു. ഇത്തവണ കിരീടം നിലനിറുത്താൻ കോഴിക്കോടിന് സാധിച്ചില്ല.