
വിളവെടുപ്പ് സമയത്ത് ഇതുവരെ ഉണ്ടാകാത്ത കാലാവസ്ഥാ മാറ്റവും തുടർച്ചയായ മഴയും വിലക്കുറവും കർഷകരുടെ നടുവൊടിക്കുന്നു. ലോണെടുത്തും കടം വാങ്ങിയും കൃഷി ചെയ്യുന്ന കർഷകർ പണം തിരിച്ചടക്കാനാവാതെ ആത്മഹത്യയുടെ വക്കിലാണ്. ബാങ്കുകൾ ജപ്തിനടപടികളുമായി മുന്നോട്ടുപോകുമ്പോൾ ആശങ്കയും പെരുകുകയാണ്. വന്യമൃഗശല്യം മൂലം കൃഷി നശിച്ചതിലും കടബാദ്ധ്യതയിലും മനംനൊന്ത് കഴിഞ്ഞ ദിവസവും കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ അധികൃതരുടെ കണ്ണ് തുറക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. പ്രകൃതിദുരന്തത്തിൽ കൃഷി നശിച്ചതിനുള്ള നഷ്ടപരിഹാരവും വൈകുകയാണ്. ദുരിതാശ്വസ ഇനത്തിലും സംസ്ഥാന വിള ഇൻഷ്വറൻസ് ഇനത്തിലുമായി കർഷകർക്ക് അനുവദിച്ച അഞ്ചു കോടിയിലധികം രൂപയാണ് കോഴിക്കോട് ജില്ലയിൽ മാത്രം കൊടുക്കാനുള്ളത്. പലരും കൃഷിയിടം വനമേഖലയായി വിട്ടുകൊടുക്കാൻ തയ്യാറാണെങ്കിലും മതിയായ നഷ്ടപരിഹാരം കിട്ടാത്താതിനാൽ അതിനുകഴിയുന്നില്ല. വിദേശത്തുപോയി ജീവിതം കരയ്ക്കടുപ്പിക്കാനുള്ള സാഹചര്യവും പഴയതുപോലെയില്ല.
വില്ലൻ മഴ
കാലം തെറ്റി പെയ്ത കനത്ത മഴയിൽ ഹെക്ടർ കണക്കിനു കൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നശിച്ചത്. സംസ്ഥാനത്തെ കണക്കെടുത്താൽ നഷ്ടക്കണക്ക് ഇനിയുമുയരും. മഴയിൽ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയതാണ് നശിക്കാൻ കാരണമായത്. നെൽ കൃഷിയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ജില്ലയിലെ ചേന്ദമംഗല്ലൂർ, കാരയാട്, അരിക്കുളം, കുറുവങ്ങാട്, ഫാറൂഖ് കോളേജ് കുറ്റൂളങ്ങാടി പരിയാരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നെൽവയലുകൾ നശിച്ചു. കാലാവസ്ഥ വ്യതിയാനം കാരണം ഏറെ വൈകിയാണ് ഇത്തവണ കർഷകർ കൃഷി ഇറക്കിയത്. കടുത്ത വരൾച്ചയെ തുടർന്ന് ഒന്നിലധികം തവണ വിതയ്ക്കേണ്ടി വന്നത് തുടക്കം മുതൽ കനത്ത നഷ്ടം വരുത്തിയിരുന്നു. എന്നാൽ മികച്ച വിലയും വിളവും ലഭ്യമാകുന്നതോടെ നഷ്ടം നികത്താമെന്ന കണക്കു കൂട്ടിയിരുന്ന കർഷകർക്കാണ് നിലവിലെ കാലാവസ്ഥ തിരിച്ചടിയാകുന്നത്. ജനുവരി അവസാനത്തോടെ കൊയ്യാനായ നെല്ലുകൾ മുഴുവൻ വെള്ളത്തിലേക്ക് വീണു കിടക്കുകയാണ്. വീണു കിടക്കുന്ന നെൽക്കതിർ മുളച്ചു കഴിഞ്ഞ നിലയിലാണെന്ന് കർഷകർ പറയുന്നു. നെൽ ചെടികൾ പലതും വെള്ളത്തിൽ മുങ്ങി നിന്നും നശിച്ചു.
അസുഖങ്ങളും
കാലാവസ്ഥവ്യതിയാനം മൂലം വിളകളിലുണ്ടാക്കുന്ന അസുഖങ്ങൾ കൂടിയതും കർഷകരെ പ്രയാസത്തിലാക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മിക്ക വിളകളിലും രോഗബാധയുണ്ടായി. വാഴ, പച്ചക്കറി, കപ്പ, കുരുമുളക് കൃഷികളിലാണ് രോഗവ്യാപനം കൂടുതലാകുന്നത്. മുഞ്ഞ, ഓലചീയൽ, കതിർവാട്ടം തുടങ്ങിയവ നെല്ലിനെയും പിടികൂടുന്നുണ്ട്. തക്കാളി, പയർ, വെണ്ട, വഴുതന തുടങ്ങിയവയുടെ തൈകളിൽ വാട്ടം ബാധിച്ചു നശിച്ചു. വാഴ കൃഷിയെയും കടുത്ത ചൂട് ബാധിച്ചു. ഫംഗസ് മൂലമുണ്ടാകുന്ന ഇലപ്പുള്ളി രോഗം വാഴയുടെ ഇലകളെ തളർത്തി. ഇലകൾ വാടി കരിഞ്ഞു പോകുകയാണ്. തളിരിലകളെയാണ് കൂടുതൽ വ്യാപിക്കുന്നത്. വാഴത്തണ്ടിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചൂടു കൂടിയതോടെ ഫംഗസ് ബാധയും രൂക്ഷമായിട്ടുണ്ട്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തവർക്ക് രോഗ ബാധ കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
പുഞ്ചകൃഷിക്കും കാലാവസ്ഥ വില്ലനാകുകയാണ്. വിത കഴിഞ്ഞു കളനാശിനി തളിച്ചതിനു പുറകേ കീടബാധയ്ക്കു മരുന്നു തളിക്കണം. ഇത് കൃഷിച്ചെലവ് വർദ്ധിപ്പിക്കും. മറ്റു രോഗങ്ങളും വരുന്നതോടെ ഉത്പാദനത്തിൽ വലിയ കുറവുണ്ടാക്കും. വേനൽ ശക്തമായാൽ റബറും ഇലപൊഴിക്കും. മഴ കൂടിയാൽ രോഗബാധയും ഉണ്ടാകും. ഇത് റബർ ഉത്പാദനത്തെയും ബാധിക്കും.
ഈ വർഷം മഞ്ഞു കുറഞ്ഞതും പല വിളകളിലും രോഗബാധയ്ക്കു കാരണമായി. മാമ്പൂക്കൾ വ്യാപകമായി കൊഴിഞ്ഞു മാങ്ങയുടെ ഉത്പാദനത്തെയും ബാധിച്ചു. ചക്ക മുളപൊട്ടുന്നതും കുറഞ്ഞു.
കിട്ടാനുണ്ട് കോടികൾ
പ്രകൃതിദുരന്തത്തിൽ കൃഷി നശിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം വൈകുന്നത് കർഷകർക്ക് തിരിച്ചടിയാകുകയാണ്. ദുരിതാശ്വസ ഇനത്തിലും സംസ്ഥാന വിള ഇൻഷ്വറൻസ് ഇനത്തിലുമായി കർഷകർക്ക് അനുവദിച്ച 5,01,15,000 കോടിയിലധികം രൂപയാണ് കോഴിക്കോട് ജില്ലയിൽ മാത്രം കൊടുക്കാനുള്ളത്. 2021 മേയ് 18 വരെയുള്ള നഷ്ടപരിഹാര തുക നൽകിയെങ്കിലും അതിനു ശേഷമുള്ള തുകയാണ് കുടിശ്ശികയായത്. ഈ സാമ്പത്തിക വർഷവും കഴിഞ്ഞ സാമ്പത്തിക വർഷവും ഒരു രൂപ പോലും കർഷകരുടെ അക്കൗണ്ടുകളിലെത്തിയിട്ടില്ല.
പ്രകൃതി ക്ഷോഭ ദുരിതാശ്വാസമായി ലഭിക്കേണ്ട തുക 2021 മേയ് 18 വരെയുള്ളതാണ് കർഷകർക്ക് ലഭിച്ചിട്ടുള്ളത്. 2021- 22ൽ 1.515 കോടിയാണ് കർഷകർക്ക് നൽകാനുണ്ടായിരുന്നത്. ഇതിൽ 87.4 ലക്ഷം മാത്രമാണ് നൽകിയത്. ബാക്കി 85.85 ലക്ഷം രൂപയാണ് കൊടുക്കാനുള്ളത്. 2022- 23ൽ 1.86 കോടിയും 23- 24 സാമ്പത്തിക വർഷത്തിൽ 17.3 ലക്ഷവും നൽകാനുണ്ട്.
സംസ്ഥാന വിള ഇൻഷ്വറൻസ് ഇനത്തിൽ 2021- 22 ജൂലായ് 18 വരെയുള്ള 2.5 കോടി മാത്രമാണ് കർഷർക്ക് നൽകിയത്. 2022- 2023ൽ 2.486 കോടിയാണ് കൊടുക്കാനുണ്ടായിരുന്നത്. അതിൽ 2022 ആഗസ്റ്റ് വരെയുള്ള 1.6193 കോടി കൊടുത്തു. 87 ലക്ഷം കൊടുക്കാനുമുണ്ട്. കർഷകർ പ്രീമിയം അടക്കുന്ന വിള ഇൻഷ്വറൻസിൽ 2023- 24 വർഷത്തിൽ 1.27 കോടിയാണ് കുടിശ്ശികയായിട്ടുള്ളത്.
വിളനാശത്തിന് കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം കർഷകരാണ് കാത്തിരിക്കുന്നത്. ജില്ലയിൽ ആയിരത്തിലധികം പേരും. വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂകമ്പം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലമുണ്ടായ നാശത്തിനാണ് കർഷകർക്ക് പണം കിട്ടുക. നഷ്ടപരിഹാരത്തിനായി പത്ത് ദിവസത്തിനുള്ളിൽ എയിംസ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് സാമ്പത്തിക വർഷം തീർന്നിട്ടും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം നഷ്ട പരിഹാരം ലഭിക്കാതായത്. ഇടയ്ക്കിടെയുള്ള കാലാവസ്ഥാ വ്യതിയാനവും മറ്റും കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ അധികൃതർ കാണിക്കുന്ന അനാസ്ഥ കർഷകരുടെ മേൽ ഇരട്ടി പ്രഹരമാണ് ഏൽപ്പിക്കുന്നത്. തരം തിരിവില്ലാതെ നശിച്ച കൃഷിക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ എത്രയും പെട്ടന്ന് നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം തുടർക്കഥയായതോടെ പുതിയ കാർഷിക കലണ്ടർ നടപ്പിൽ വരുത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു.