lpg
lpg

കോഴക്കോട്: നഗരത്തിലെ ആയിരത്തോളം എൽ.പി.ജി ഓട്ടോറിക്ഷാ തൊഴിലാളികളുടെ നെഞ്ചിൽ തീ കോരിയിട്ട് ആകെയുള്ള ഗ്യാസ് സ്റ്റേഷൻ അടച്ചിടുന്നു. കുണ്ടായിത്തോടിലെ എൽ.പി. ജി ഗ്യാസ് സ്റ്റേഷനാണ് ആനുവൽ മെയിന്റനൻസിനു വേണ്ടി അടച്ചിട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി വരെയാണ് തൊഴിലാളികൾക്ക് എൽ.പി.ജി ഇന്ധനം ലഭിച്ചത്. 12 വരെ സ്റ്റേഷൻ അടച്ചിടുമെന്നാണ് സന്ദേശം. നഗരത്തിൽ ആകെ പ്രവർത്തിക്കുന്ന ഗ്യാസ് സെന്റർ അടച്ചിടുന്നതോടെ തൊഴിൽ നിർത്തിവെയ്ക്കാനേ തൊഴിലാളികൾക്ക് മാർഗമുള്ളൂ. ഗ്യാസ് സെന്റർ തുറക്കുന്നതു വരെ കട്ടപ്പുറത്താണ് എൽ.പി.ജി വാഹനങ്ങളും. ആവശ്യത്തിന് ഇന്ധനം നിറയ്ക്കാൻ സംവിധാനമില്ലത്തതാണ് ഈ ദുരിതത്തിന് കാരണം.

തുടർച്ചയായി മൂന്ന് ദിവസം ഗ്യാസ് സ്‌റ്റേഷനുകൾ അടച്ചിടുന്നതോടെ കൂടുതൽ ഇന്ധനം സംഭരിച്ചുവയ്ക്കാൻ ഓട്ടോറിക്ഷകൾക്ക് കഴിയില്ല. പഴയ ഓട്ടോറിക്ഷകൾക്ക് 13 ലിറ്ററും പുതിയവയ്ക്ക് 17 ലിറ്ററുമാണ് സംഭരണശേഷി. ഇതു രണ്ടുദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ. സരോവരം, കുണ്ടായിത്തോട്, മുക്കം, പുതിയങ്ങാടി, പയ്യോളി ഭാഗങ്ങളിലായിരുന്നു എൽ.പി.ജി പമ്പിംഗ് സ്‌റ്റേഷനുകളുണ്ടായിരുന്നത്. പുതിയങ്ങാടി, സരോവരം എന്നിവിടങ്ങളിലെ പമ്പുകൾ നഷ്ടമാണെന്നു കാണിച്ച് കഴിഞ്ഞവർഷം മുതൽ പ്രവർത്തനരഹിതമാണ്. പലരും പയ്യോളി വരെ പോയാണ് ഇന്ധനം നിറയ്ക്കുന്നത്. നഷ്ടമാണെങ്കിലും സർവീസ് മുടങ്ങാതിരിക്കാനാണ് ഈ കഷ്ടപ്പാട്.

ഇന്ധനക്ഷമതയും പെട്രോൾ, ഡീസൽ വിലയേക്കാൾ താരതമ്യേന കുറവായതിനാലുമാണ് പലരും എൽ പി ജി ഓട്ടോറിക്ഷ നിരത്തിലിറക്കിയത്. തുടക്കത്തിൽ ലാഭകരമായിരുന്നു. പിന്നീട് ഇന്ധനം കിട്ടാതായതോടെ സർവീസ് മുടങ്ങി തൊഴിലാളികൾ പട്ടിണിയായി. നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോകളിൽ 90 ശതമാനവും ബാങ്ക് വായ്പയുളളവയാണ്. ഗ്യാസ് മുടക്കം പതിവായതോടെ വരുമാന മാർഗത്തിനൊപ്പം വായ്പാ തിരിച്ചടവും മുടങ്ങുകയാണ്. ഇന്ധനക്ഷാമം പരിഹരിച്ചില്ലെങ്കിൽ മേഖലയുടെ നിലനിൽപ്പ് പോലും പരുങ്ങലിലാകുമെന്ന കാര്യത്തിൽ തർക്കമില്ല.