കൊയിലാണ്ടി: വിവാഹത്തിനും സത്ക്കാരത്തിനും ഭക്ഷണം രുചികരമാക്കാൻ നാട്ടുകാർക്ക് മൂടാടിയിലെ കടുക്ക തന്നെവേണം. എന്നാൽ ആവശ്യക്കാർക്കെല്ലാം കടുക്ക (കല്ലുമ്മക്കായ) കൊടുക്കാൻ കഴിയുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. വർഷങ്ങളായി മൂടാടി കടലിലെ ചെങ്കൽപ്പാറയിൽ കടുക്ക കുറഞ്ഞു കൊണ്ടിരിക്കയാണ് . ആകർഷകമായ ഒരു തൊഴിലെന്ന നിലയിൽ ഒരുപാട് പേർ കടുക്ക പറിക്കാൻ വന്നിരുന്നു. രാവിലെ ഏഴു മണിക്ക് കടലിലിറങ്ങി 11 മണിയാകുമ്പോഴേക്കും കരയ്ക്കെത്താം. അത് കഴിഞ്ഞ് മറ്റ് പണികൾക്കും പോകും. ഇന്ന് സ്ഥിതിയാകെ മാറി. കാലാവസ്ഥാ വ്യതിയാനവും കടൽക്ഷോഭവും കടുക്ക പറിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കിയിരിക്കയാണ്. കലങ്ങിയ വെള്ളത്തിൽ കടുക്ക കാണാനും പറ്റില്ല. ഇതോടെയാണ് പലരും പണി നിർത്തി. കല്യാണസീസണാകുമ്പോൾ കടുക്കയ്ക്ക് മികച്ച വിലയാണ്. ഇടത്തരം വലുപ്പമുള്ളതിന് കിലോയ്ക്ക് 260 രൂപയുണ്ട്. രണ്ട് വർഷം മുമ്പ് വലിയ കടുക്ക കയറ്റുമതി ചെയ്തിരുന്നു. കിലോയ്ക്ക് 15 എണ്ണം. അതിന് 350 രൂപയാണ് വില. മൂടാടി മുതൽ തിക്കോടി വരെയുള്ള ഭാഗങ്ങളിൽ നൂറ്റി അമ്പതോളം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ചെറിയ കടുക്ക ഇവർ പറിക്കാറില്ല. ഒരു തൊഴിലാളിക്ക് 16 കിലോവരെ പറിക്കാമെന്നാണ് കമ്മറ്റിയുടെ തീരുമാനം എന്നാൽ അത്രയൊന്നും പറിക്കാനില്ലെന്നാണ് കടുക്ക തൊഴിലാളി കോ - ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് മനോജ് പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് 8 മാസം പണിക്ക് പോകാമായിരുന്നു. 4 മാസം മത്സ്യബന്ധനത്തിനും പോകും. എന്നാൽ ഇപ്പോൾ പല ദിവസങ്ങളിലും ഒഴിഞ്ഞ കുട്ടയുമായി തിരികെ വരേണ്ട അവസ്ഥയാണ്. ഇറക്കുമതിചെയ്യുന്ന കടുക്കയും മൂടാടി കടുക്കയെന്ന പേരിലാണ് വില്ക്കുന്നത്. ചെങ്കൽ പാറയിലുണ്ടാകുന്നതിനാലാണ് മൂടാടി കടുക്കയ്ക്ക് സ്വാദ് ഏറുന്നതെന്നും മനോജ്പറഞ്ഞു. കടൽക്ഷോഭവും കാലാവസ്ഥ വ്യതിയാനവും ഈ തൊഴിലിനെ പ്രതികൂലമായി ബാധിച്ചിരിക്കയാണന്നും മനോജ് പറയുന്നു. ചെറു കടുക്കകൾ പറിക്കുന്നതിനെതിരെ നടപടി വേണമെന്നും മനോജ് പറഞ്ഞു.