കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. മലയോര മേഖലയിൽ വ്യാപക നാശം. തുടർച്ചയായ മൂന്നാം ദിവസമാണ് ജില്ലയിൽ മഴ തുടരുന്നത്. മുക്കം, തിരുവമ്പാടി, ആനക്കാം പൊയിൽ,. കുറ്റ്യാടി, നാദാപുരം, ബാലുശ്ശേരി, താമരശ്ശേരി തുടങ്ങിയ മലയോര മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. മിക്കയിടത്തും ഇടിമിന്നലും കാറ്റും ശക്തമാണ്. നഗരത്തിൽ ഉച്ചയോടെയാണ് ഇടിയോടു കൂടി കനത്ത മഴ പെയ്തത്. മണിക്കൂറുകൾ നീണ്ട മഴയിൽ വെള്ളം കയറിയതോടെ നഗരപാതകളിൽ യാത്ര ദുസ്സഹമായി. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിന് മുൻവശത്ത് രൂപപ്പെട്ട വെള്ളക്കെട്ട് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായി. അതേ സമയം ജില്ലയിലെ പല ഭാഗങ്ങളിലുമുള്ള പുഴകളിലും തോടുകളിലും ജലനിരപ്പുയർന്നു. ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകിയിട്ടുണ്ട്. വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. എരഞ്ഞിക്കൽ പുതിയ പാലത്തിന് സമീപം ഓടികൊണ്ടിരുന്ന സ്കൂട്ടറിലേക്ക് തെങ്ങ് വീണു. യാത്രക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സ്കൂട്ടർ ഭാഗികമായി തകർന്നു. സംസ്ഥാനത്ത് ഇന്ന് വരെ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.