 
കോഴിക്കോട്: കേരളത്തിന്റെ കായികമേഖലയുടെ ഉണർവിനായി കോഴിക്കോട് സായി സെന്റർ (സ്‌പോർട്‌സ് അതോറ്റി ഒഫ് ഇന്ത്യ) വളർത്തിയ താരങ്ങളുടെ കൂട്ടായ്മയായ അസൈക്കിന്റെ (അലൂമിനി ഒഫ് സായ് കാലിക്കറ്റ്) കളിക്കളത്തിനൊരു കൈത്താങ്ങ് പദ്ധതി 13ന് തുടങ്ങും. അടിസ്ഥാന സൗകര്യങ്ങളില്ലാതെ കിതയ്ക്കുന്ന സ്‌കൂളുകൾ ക്ലബുകൾ എന്നിവരെ രാജ്യത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഉദ്ഘാടനം 13ന് രാവിലെ 10.30 കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയത്തിൽ
എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രിയും എം.എൽ.എയുമായ അഹമ്മദ് ദേവർ കോവിൽ മുഖ്യാതിഥിയാവും. സ്‌പോർട്‌സ് അതോറിറ്റി ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ ഐ.ആർ.എസ്, റീജിയണൽ ഡയറക്ടർ ജി.കിഷോർ എന്നിവർ പങ്കെടുക്കുമെന്ന് പ്രോഗ്രാം ഡയറക്ടറും മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനുമായ വിപിൻ.വി.ജോർജ്, ദേശീയ വോളി താരവും അസൈക് സെക്രട്ടറിയുമായ ജെ.എം.മുഹമ്മദ് തുടങ്ങിയവർ പറഞ്ഞു. ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സഹായധനത്തിന്റേയും കിറ്റുകളുടേയും വിതരണം നടക്കും.
ഗ്രാസ് റൂട്ട് ലെവലിൽ കായികപരിശീലനം നൽകുന്ന സ്‌കൂളുകൾക്ക്, ക്ലബുകൾക്ക്, സ്‌പോട്‌സ് അക്കാദമികളിലെ കുട്ടികൾക്ക് ആധുനികവും ഏറ്റവും മികച്ചതുമായ കായിക ഉപകരണങ്ങൾ നൽകുകയാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം. അതനുസരിച്ച് 42 ഓളം അപേക്ഷകൾ ലഭിച്ചു. പ്രാഥമിക സ്‌ക്രൂട്ടിനിയിൽ അത് 21 ആയും പിന്നീട് 15 സ്ഥാപനങ്ങളെ ആദ്യ ഘട്ടമെന്ന നിലയിൽ തെരഞ്ഞെടുത്തു. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ് ബോൾ, ഹാൻഡ് ബോൾ, ഫുട്‌ബോൾ, വോളീബോൾ എന്നീ ഇനങ്ങളാണ് സഹായം നൽകുന്ന പട്ടികയിലുള്ളത്. 20 ഹഡിൽസ്, ആറ് ജാവലിൻ, ആറ് സ്റ്റാർട്ടിംഗ് ബ്ലോക്, 50 ബാസ്‌കറ്റ് ബോൾ, 40 ഫുട്‌ബോൾ, 150 വോളീബോൾ, 20 ഹാൻഡ് ബോൾ കൂടാതെ എജിലിറ്റി ലാഡർ, ബേബി ഹഡിൽസ് മെഡിസിൻ ബോളുകൾ സ്‌കിപ്പിംഗ് റോപ്, ആങ്കിൾ വൈറ്റ്, കോണുകൾ, സ്‌പേസ് മാർകർ തുടങ്ങിയവയാണ് നൽകുന്നത്. കോസ്‌ക്കോ കമ്പനി, പെലാട്ടൺ സ്‌പോർട്‌സ് കോഴിക്കോട്, കാലിക്കറ്റ് ഹീറോസ് തുടങ്ങിയവരെല്ലാം പദ്ധതിയുമായി സഹകരിച്ചിട്ടുണ്ട്. 1991ൽ കോഴിക്കോട് സായി സെന്റർ സ്ഥാപിച്ചതു മുതലുള്ള താരങ്ങളാണ് പദ്ധതിയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത്. കേരളത്തിലെ കായികരംഗം വളരണമെങ്കിൽ ഗ്രൗണ്ട് ലെവലിൽ നിന്ന് താരങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കണം. സ്‌കൂളുകളും അക്കാദമികളും സ്‌പോർട്‌സ് ക്ലബുകളുമാണ് ഇന്ന് ആ രംഗത്ത് പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യക്കുറവും ഫണ്ടില്ലായ്മയും ആവശ്യത്തിന് കളി സാമഗ്രികളൊന്നുമില്ലാത്തതിനാൽ വേണ്ടത്ര കുട്ടികൾക്ക് വളർന്നുവരാനാവുന്നില്ല. അതിനൊരു പരിഹാരമെന്ന നിലയിലാണ് കളിക്കളത്തിനൊരു കൈത്താങ്ങെന്നപേരിൽ ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തതെന്ന് ഭാരവാഹികൾ പറഞ്ഞു.