
സ്വാമി വിവേകാനന്ദനെന്ന യുവതാരകം ഈ ഭാരത മണ്ണിൽ ജാതനായിട്ട് 161 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഒന്നൊന്നര നൂറ്റാണ്ട് മുമ്പ് ജീവിച്ച ഒരു സന്യാസിക്ക് ഇന്നത്തെ എ.ഐ യുഗത്തിന്റെ ആരംഭത്തിൽ, വിശേഷിച്ചും പുതുതലമുറയിലെ യുവാക്കളെ സംബന്ധിച്ച് എന്ത് പ്രസക്തിയെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകാം. ഇവിടെയാണ് സ്വാമി വിവേകാനന്ദൻ എന്ന മഹാമനീഷി പുനർവായിക്കപ്പെടേണ്ടത്. ജപ്പാനിൽ നിന്നും തീപ്പെട്ടി ഇറക്കുമതി ചെയ്യാനിരുന്ന ജെ.എൻ ടാറ്റയിൽ 'ആത്മനിർഭര ഭാരത'ത്തിന്റെ വിത്തുപാകിക്കൊണ്ട്, സ്വദേശീയമായി ഉത്പാദനം ചെയ്യാൻ പ്രേരിപ്പിച്ച, സ്വദേശീയരായ ജനതയ്ക്ക് തൊഴിൽ നൽകാൻ നിർദ്ദേശിച്ച സ്വാമി വിവേകാനന്ദനെ ഇന്ന് പലർക്കും അറിയില്ല.
ഇന്ന് ഭാരതത്തിൽ അറിയപ്പെടുന്ന ഗവേഷണസ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആരംഭിച്ചതും 1893ലെ ടാറ്റയുടെയും സ്വാമി വിവേകാനന്ദന്റെയും കൂടിക്കാഴ്ചയിൽ നിന്നാണ്. വിവേകാനന്ദനിൽ നിന്നും കണ്ടുപിടുത്തങ്ങളുടെ രാജാവായ നിക്കോള ടെസ്ല എങ്ങനെയാണ് പ്രേരണയും ആശയങ്ങളും ഉൾക്കൊണ്ടത് എന്നറിയണമെങ്കിൽ ടെസ്ലയുടെ ലേഖനങ്ങളിൽ എങ്ങനെ 'ആകാശം', 'പ്രാണൻ' തുടങ്ങിയ സംസ്‌കൃതപദങ്ങൾ കടന്നുവന്നു എന്ന് അന്വേഷിക്കണം. പ്രാചീന പാരമ്പര്യത്തിൽനിന്നും ഊർജ്ജവും ആശയങ്ങളും സ്വീകരിച്ചുകൊണ്ട്, ലോകനായകന്മാർക്കും വഴികാട്ടിയായി നടന്നുനീങ്ങിയ ഈ വിവേകാനന്ദനെയാണ് ഇന്നത്തെ യുവാക്കൾ പഠിക്കേണ്ടത്.
ജവഹർലാൽ നെഹ്റു സ്വാമിജിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ''ഇന്ത്യയുടെ ഭൂതകാലത്തിൽ, അതിന്റെ മഹിമയിൽ അഭിമാനം പൂണ്ട് നിലയുറക്കുമ്പോഴും, ജീവിതത്തിന്റെ പ്രശ്നങ്ങളെ വിവേകാനന്ദൻ സമീപിച്ചത് ആധുനികമായാണ്. അതുകൊണ്ട് ഇന്ത്യയുടെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും ബന്ധിപ്പിക്കുന്ന പാലമായി വിവേകാനന്ദൻ'. ഭാരതത്തിന്റെ പ്രാചീന മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് മുന്നോട്ടുപോകാനാണ് അദ്ദേഹം യുവാക്കളെ പ്രേരിപ്പിക്കുന്നത്. ''നാം നമ്മുടേതായ മൂല്യങ്ങളെ ദൂരെയെറിയുകയും, മറ്റുള്ളവരുടെ ആദർശങ്ങളെയും ശീലങ്ങളെയും നമ്മുടേതാക്കാൻ കഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് രണ്ടുമാണ് നമ്മുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നത്'' എന്നാണ് സ്വാമി വിവേകാനന്ദൻ 'ദി ഈസ്റ്റ് ആൻഡ് ദി വെസ്റ്റ്' എന്ന പ്രബന്ധത്തിൽ പറയുന്നത്. അദ്ദേഹം ആധുനികവത്കരണത്തെ സ്വീകരിക്കുകയും, എന്നാൽ പാശ്ചാത്യവത്കരണത്തെ എതിർക്കുകയും ചെയ്തു. ആധുനികയുഗത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ഫലപ്രദമായി നേരിട്ടുകൊണ്ട് വിജയിച്ചു മുന്നേറാനുള്ള ആശയങ്ങൾ നമ്മുടെ സംസ്‌കാരത്തിന്റെ ആധാരശിലയായ വേദങ്ങളിലുണ്ട്. പക്ഷേ നമ്മുടെ യുവാക്കൾ ഈ പ്രാചീന നിധിയിൽനിന്നും അകന്നുപോയി, പ്രതിസന്ധികളുടെ ലോകത്ത് ഇരുട്ടിൽ തപ്പുന്നത് സ്വാമിജിയെ അസ്വസ്ഥനാക്കിയിരുന്നു.
'നമ്മുടെ ജന്മസിദ്ധമായ മതം' എന്ന ലേഖനത്തിൽ അദ്ദേഹം പറയുന്നത്, ''വേദപഠനം ബംഗാളിൽനിന്ന് മിക്കവാറും തിരോഭവിച്ചിരിക്കുന്നു. ഓരോ വീട്ടിലും സാളഗ്രാമത്തോടും കുടുംബദൈവത്തോടുമൊപ്പം വേദങ്ങളെയും പൂജിക്കുന്ന ഒരു ദിവസം വന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു; അപ്പോൾ ചെറുപ്പക്കാരും പ്രായംചെന്നവരും സ്ത്രീകളും ചേർന്ന് വേദപൂജ ഉദ്ഘാടനം ചെയ്യുമല്ലോ.''
തന്റെ അവസാന നാളുകളിലും, പുതു തലമുറയിലേക്ക് വേദങ്ങളിലെ മൂല്യങ്ങൾ എത്തിക്കുന്നതിനായി ഒരു വേദഗുരുകുലം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു സ്വാമി വിവേകാനന്ദൻ എന്ന് അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന സ്വാമി പ്രേമാനന്ദൻ ഓർത്തെടുക്കുന്നു.
വേദപഠനമെന്നാൽ ഒരു പൂജാപഠനമെന്ന ചിന്തയാണ് ഇന്ന് പലർക്കും. എന്നാൽ സ്വാമി വിവേകാനന്ദൻ സ്വപ്നം കണ്ടത് ആധുനിക മനുഷ്യന്റെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് ജീവിത വിജയം കൈവരിക്കുന്നതിനായി വേദങ്ങളിലെ ആശയങ്ങളെ എങ്ങനെ നടപ്പാക്കാമെന്നാണ്. ഇങ്ങനെയുള്ള ആധുനികമായ ഉൾക്കാഴ്ചയോടെയാണ് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷനിലൂടെ ഞങ്ങൾ വേദം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി 31ന് പുതുതായി ആരംഭിക്കാനിരിക്കുന്ന വേദപഠനകോഴ്സിനോടുള്ള യുവാക്കളുടെ പ്രതികരണവും സ്വാമി വിവേകാനന്ദന്റെ സ്വപ്നം വിഫലമാകില്ലെന്ന് ഞങ്ങളെ ബോദ്ധ്യപ്പെടുത്തുന്നു.
(സ്ഥാപകൻ, കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ)