auto
കോഴിക്കോട് വെസ്റ്റ്ഹിൽ പോളിടെക്നിക്ക് വിദ്യാർത്ഥികൾ നിർമ്മിച്ച ഇ-ഗാർബേജ് ഓട്ടോറിക്ഷകൾ

@ വാഹനങ്ങൾ കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യശേഖരണത്തിന്

കോഴിക്കോട്: 'ഇൻഡസ്ട്രി ഓൺ കാമ്പസ്' പദ്ധതിയിൽ കോഴിക്കോട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ നിർമ്മിച്ച 30 ഇ-ഗാർബേജ് ഓട്ടോറിക്ഷകൾ ഇന്ന് നിരത്തിലിറക്കും. വെസ്റ്റ്ഹിൽ പോളിടെക്‌നിക് കോളേജിൽ വൈകീട്ട് നാലിന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യയിലാദ്യമായാണ് ഇത്രയും വാഹനങ്ങൾ ഒരുമിച്ച് ഒരു കാമ്പസിൽ നിന്നും നിർമ്മിച്ചുനൽകുന്നത്. 30 വാഹനങ്ങളും വാങ്ങാൻ കോഴിക്കോട് കോർപ്പറേഷൻ നേരത്തെ തന്നെ തയ്യാറായിരുന്നു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ 'പഠനത്തോടൊപ്പം സമ്പാദ്യം' പദ്ധതിയായാണ് പോളിയിലെ വിദ്യാർത്ഥികൾ ഓട്ടോറിക്ഷകൾ അസംബിൾ ചെയ്തത്. ഖരമാലിന്യ ശേഖരണത്തിന് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണിവ.

കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-ഓട്ടോറിക്ഷ നിർമ്മാണക്കമ്പനിയായ ആക്സോൺ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ ആരംഭിച്ച കാമ്പസ്‌ ഇൻഡസ്ട്രി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. ആക്‌സിയോൺ വെഞ്ചേഴ്‌സ് 2022 ഒക്‌ടോബർ 31ന് പോളിടെക്നിക്ക് കോളേജുകളിൽ ഇൻഡസ്ട്രി ഓൺ കാമ്പസ് പ്രവർത്തനങ്ങളുമായി സഹകരിച്ച് വ്യാവസായിക ഉത്പ്പാദനം ആരംഭിക്കാനുള്ള ധാരണാപത്രം സർക്കാരുമായി ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടർച്ചയായി കോഴിക്കോട് കോർപ്പറേഷന് വേണ്ടി 75 ഇലക്ട്രിക് ഗാർബേജ് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വർക്ക് ഓർഡർ 'ഇൻഡസ്ട്രി ഓൺ കാമ്പസ്' പദ്ധതി നേടിയിരുന്നു. അതിൽ ആദ്യ ഘട്ടമായാണ് 30 ഇ-ഓട്ടോകൾ വിതരണത്തിന് തയ്യാറായിരിക്കുന്നത്.

വ്യാവസായിക അടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ കാമ്പസ് ഇലക്ട്രിക് ത്രീ-വീലർ അസംബ്ലി യൂണിറ്റാണ് കോഴിക്കോട് പോളിടെക്‌നിക് കോളേജിലേത്. കർശന ഗുണനിലവാര പരിശോധനകൾക്കു ശേഷമാണ് 30 വാഹനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്.