കുറ്റ്യാടി: കാലം തെറ്റിയ കനത്ത മഴ മലയോര കർഷകരെ പ്രതിസന്ധിയിലാക്കി. വേളം, കുറ്റ്യാടി മരുതോങ്കര, വേളം, ഊരത്ത്, വടയം, പന്നിവയൽ മേഖലകളിലെ നെൽ വയലുകളിൽ വെള്ളം കയറുകയാണ്. മുണ്ടകൻ പോലുള്ള നെൽകൃഷി കന്നി മാസത്തിൽ നടീൽ പൂർത്തിയാക്കി മകരത്തിൽ വിളവെടുക്കലാണ് പതിവ്. കനത്ത മഴയിൽ നെൽചെടികൾ ചെളിയിലേക്ക് ചാഞ്ഞ് വീണിരിക്കുകയാണ്. ഈ ഒരു അവസ്ഥയിൽ പത്ത് ശതമാനം പോലും ഉപയോഗപ്പെടുത്താൻ പറ്റില്ലെന്നും മുണ്ടകൻ്റെ പുല്ല് പോലും ഇക്കുറി കിട്ടില്ലെന്നുമാണ് കർഷകർ പറയുന്നത്. ചിങ്ങത്തിൽ മഴ കുറവായതിനാൽ ചില വയലുകളിൽ വെള്ളം ഇല്ലാത്ത അവസ്ഥയായിരുന്നു. തോടുകളിൽ നിന്നും മറ്റും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തതാണ് പലരും നിലം ഒരുക്കിയത്. നിലവിൽ മഴ ശക്തിപ്പെട്ടതോടെ വയലുകളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. കാവിലുംപാറ, മരുതോങ്കര, മേഖലകളിൽ നാളികേരം, കുരുമുളക്, കവുങ്ങ്, വാഴ, തുടങ്ങിയ തോട്ടവിളകളെയും കാലം തെറ്റി എത്തിയ മഴ ബാധിക്കും മാങ്ങയും കശുവണ്ടിയും ഈ വർഷം കണികാണൻ പോലും കിട്ടില്ലെന്നും ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുൻപ്പ് ഇത്തരം ഒരു അവസ്ഥ ഉണ്ടായതായും മലയോരത്തെ കർഷക കാരണവൻമാർ പറയുന്നു. കുരുമുളകിൻ്റെ വിളവെടുപ്പ് കാലം തുടങ്ങുകയാണ്. മുൻ വർഷങ്ങളേക്കാൾ ഈ വർഷം നന്നായി കുരുമുളക് വിളഞ്ഞിട്ടുമുണ്ട്. മലയോര മേഖലയിലെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചക്കയുടെ കാര്യം എന്താവുമെന്ന സ്ഥിതിയാണ്.
മിക്ക വീടുകളിലും ഇക്കുറി പച്ചക്കറി കൃഷി നന്നായി നടത്തിയിരുന്നു. പഞ്ചായത്തുകൾ മുഖേന വീടുകളിൽ പച്ചക്കറി തൈകൾ ലഭ്യമാക്കിയിരുന്നു. മഴ ഇങ്ങിനെ തുടർന്നാൻ അവയും പാടെ നശിക്കുമെന്നാണ് കാവിലുംപാറയിലെ കർഷകനായ എ.ആർ വിജയൻ പറയുന്നത്.