
കോഴിക്കോട്: അനക്കമില്ലാതിരുന്ന മിൽക്ക് ഷെഡ് വികസനപദ്ധതിക്ക് ജീവൻ വച്ചതോടെ
ജില്ലയിലെ കർഷകരിൽ പാൽപ്പുഞ്ചിരി നിറയുന്നു. പദ്ധതി പ്രകാരം 2022-23 വർഷം 255 കറവപ്പശുക്കളെയാണ് ക്ഷീര വികസന വകുപ്പ് മുഖേന ജില്ലയിൽ വിതരണം ചെയ്തത്. കേരളത്തിന് പുറത്ത് നിന്ന് പശുക്കളെ എത്തിച്ച് പാൽ ഉത്പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ടതാണ് മിൽക്ക് ഷെഡ് വികസന പദ്ധതി. പദ്ധതി മുമ്പേ നടപ്പിലാക്കിയെങ്കിലും മികച്ച ഫലമുണ്ടായിരുന്നില്ല. പശുക്കളിൽ പാലുത്പാദനം കുറഞ്ഞതെന്ന പരാതി ഇതോടെ ശക്തമാവുകയും ചെയ്തു. ഉദ്യോഗസ്ഥർ തമിഴ്നാട്ടിലെ ഇടനിലക്കാരുമായി ചേർന്ന് തങ്ങളെ ചതിച്ചെന്നായിരുന്നു കർഷകർക്കിടയിലെ ആക്ഷേപം. എന്നാൽ വീണ്ടും പദ്ധതി വന്നതോടെ മുൻവർഷത്തെക്കാൾ പരാതികൾ കുറവാണെന്നത് വകുപ്പിന് ആശ്വാസമാവുകയാണ്. പദ്ധതി മുഖേന കഴിഞ്ഞ വർഷം 1192072 രൂപയുടെ പദ്ധതികളാണ് ജില്ലയിൽ നടപ്പിലാക്കിയത്.
ഒന്ന് മുതൽ 20 പശുക്കൾ വരെ ഡയറിഫാം, ആധുനികവത്ക്കരണത്തിന് 5000 മുതൽ 50,000 രൂപ വരെ ധനസഹായം, കറവയന്ത്രം, കാലിത്തൊഴുത്ത് നിർമ്മാണം എന്നിവയ്ക്കും പദ്ധതി പ്രകാരം പണം അനുവദിക്കുന്നുണ്ട്. കൂടാതെ ക്ഷീരതീരം പദ്ധതിയിൽ രണ്ട് പശു യൂണിറ്റ് എന്നിങ്ങനെയാണ് പദ്ധതിയിലെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ജില്ലയിലെ 10 പേർക്ക് ഒരു പശു പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. നിലവിൽ കർഷകർക്ക് ആശ്വാസമാകുകയാണ് ക്ഷീരവികസന വകുപ്പ്.
കഴിഞ്ഞ സാമ്പത്തിക വർഷം വകുപ്പ് ജില്ലയിൽ നടപ്പാക്കിയത് 394.94 ലക്ഷം രൂപയുടെ വിവിധ പദ്ധതികളാണ്. ഇതിന് പുറമെ ത്രിതല പഞ്ചായത്ത് വഴി വിവിധ പദ്ധതികൾക്കായി 948.50 ലക്ഷം രൂപയും ചെലവഴിച്ചു. തീറ്റപ്പുൽ കൃഷി പദ്ധതി, ക്ഷീര സഹകരണ സംഘങ്ങളുടെ നവീകരണം പദ്ധതി, റൂറൽ ഡയറി എക്സ്റ്റൻഷൻ പദ്ധതി, കാലിത്തീറ്റ സബ്സിഡി പദ്ധതി തുടങ്ങിയവ അതിൽ എടുത്തുപറയേണ്ട പദ്ധതികളാണ്. കൂടാതെ വൃക്ഷവിളകൾ നൽകൽ, മക്കച്ചോളം കൃഷി എന്നിങ്ങനെ വിവിധ പദ്ധതികളിലായി 44,24,517 രൂയുടെ ധനസഹായം കർഷകരിലേക്ക് എത്തിച്ചിട്ടുണ്ട്.
പദ്ധതി പ്രകാരം പണം
അനുവദിക്കുന്നത്
ഡയറിഫാം
കറവയന്ത്രം
കാലിത്തൊഴുത്ത്
നിർമ്മാണം