കോഴിക്കോട്: ഇ.എം.എസിനെപ്പോലൊരു നേതാവ് കാലത്തിന്റെ ആവശ്യമാണെന്ന് എം.ടി. വാസുദേവൻ നായർ. തെറ്റുപറ്റിയാൽ തിരുത്താനും സമ്മതിക്കാനും കഴിയുന്നൊരു നേതാവ്. അതുകൊണ്ടാണ് ഇ.എം.എസ് മഹാനായ നേതാവായതെന്നും എം.ടി പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു മുഖ്യ പ്രഭാഷകനായ എം.ടിയുടെ വിമർശനം. അധികാരം എന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മൾ കുഴിവെട്ടി മൂടിയെന്നും എം.ടി പറഞ്ഞു. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി. ചൂണ്ടിക്കാട്ടി.
വെറുപ്പും വിദ്വേഷവും പടർത്താനുള്ള ശ്രമം രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ഉണ്ടാകുന്നെന്ന് ഫെസ്റ്റിവൽ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യത്തിൻ മേൽ രാജവാഴ്ചയുടെ ചെങ്കോൽപതിപ്പിക്കാനുള്ള ശ്രമങ്ങളാണവ. ഇത്തരം വർഗീയ നീക്കങ്ങൾക്കെതിരെ പോരാടാൻ എഴുത്തുകാരുടെയും ചിന്തകരുടെയും കൂട്ടായ്മകൾക്ക് കഴിയും. കുഞ്ഞുങ്ങളുടെ മനസിലേക്ക് വിഷലിപ്തമായ കള്ളനാണയങ്ങൾ ഇട്ട് കൊടുക്കുന്ന കാലത്ത് അറിവിന്റെ നല്ല നാണയങ്ങൾ ഇട്ട് കൊടുക്കുന്ന ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റും പ്രശംസാത്മകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന പ്രസംഗ ശേഷമായിരുന്നു എം.ടിയുടെ പ്രഭാഷണം. എം.ടി പ്രസംഗിച്ചു തീർന്ന ശേഷമാണ് മുഖ്യമന്ത്രി വേദിവിട്ടത്. പൊതുവേദികളിൽ രാഷ്ട്രീയം പ്രസംഗിക്കാത്ത എം.ടിയുടെ ഇന്നലത്തെ പ്രഭാഷണം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു.
ദുർവ്യാഖ്യാനം ചെയ്തു : ഇ.പി.
എം.ടി.വാസുദേവൻനായർ നടത്തിയ പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്തുവെന്നും ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചവരാണത് ചെയ്തതെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു . പിണറായി മഹാനാണ്. ജനങ്ങൾക്ക് പിണറായിയോട് വീരാരാധനയാണ്. തനിക്കും മറ്റ് പലർക്കും അങ്ങിനെതന്നെയാണെന്നും ജയരാജൻ പറഞ്ഞു. എം.ടി.നടത്തിയ വിമർശനം കേന്ദ്രസർക്കാരിനെതിരെയാണെന്നും ജയരാജൻ ബേപ്പൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയേയോ ഉദ്ദേശിച്ചല്ലെന്ന് എം.ടി പിന്നീട് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. റഷ്യയിലടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചതിന്റെ അർത്ഥം മലയാളം അറിയുന്നവർക്ക് മനസിലാകും. ഇതു സംബന്ധിച്ച വിവാദത്തിനും ചർച്ചയ്ക്കും താനും തന്റെ പ്രസംഗവും ഉത്തരവാദിയല്ലെന്നും എം.ടി പറഞ്ഞു.
(ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന
ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം: എം.ടി---പേജ് 6)