കോഴിക്കോട്: അടുത്തതവണ മുതൽ കോകോ ചലച്ചിത്രമേള അന്താരാഷ്ട്ര ചലച്ചിത്ര മേളയായി, കൂടുതൽ ആസൂത്രണത്തോടെ നടത്തുമെന്ന് മേയർ ബീന ഫിലിപ്പ്. ഒരാഴ്ച നീണ്ട കോഴിക്കോട് കോർപ്പറേഷൻ (കോകോ) ചലച്ചിത്രമേളയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോഴിക്കോട്ടെ പോയ്‌പ്പോയ ഫിലിം ക്ലബുകളെ പുനരുജ്ജീവിപ്പിക്കണം. യുനെസ്‌കോ സാഹിത്യ പദവിയുടെ പശ്ചാത്തലത്തിൽ നഗരത്തിന് ഇത് നല്ല അവസരമാണ്. കോകോ ഫോക് ലോർ ഫെസ്റ്റും നടത്തുമെന്ന് മേയർ പറഞ്ഞു.
നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്സൺ കെ കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. നാടക,സിനിമാ രംഗത്തെ പ്രഗൽഭരായ കുട്ട്യേടത്തി വിലാസിനി, വിജയൻ വി നായർ, അജിത നമ്പ്യാർ എന്നിവരെയും ബാങ്ക്‌മെൻസ് ഫിലിം സൊസൈറ്റി സെക്രട്ടറി കെ ജെ തോമസിനേയും പരിപാടിയിൽ ആദരിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സി രേഖ, വാർഡ് കൗൺസിലർ എസ്.കെ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീ, വേദി തിയേറ്ററുകളിലായി 42 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. കോഴിക്കോട് നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ ചിത്രങ്ങൾക്കൊപ്പം അന്താരാഷ്ട്ര സിനിമകളും കാണിച്ചു. അഞ്ച് ദിവസം ഓപ്പൺഫോറവും നടന്നു.