കോഴിക്കോട്: തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി അനുഭവവേദ്യമായ പഠനരീതിക്ക് പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന അറിവുകളെ സമൂഹത്തിന്റെ ഗുണാത്മകമായിട്ടുള്ള വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആലോചനയിലാണ് നാം. പ്രായോഗിക പരിശീലനത്തിലൂടെ കാര്യങ്ങൾ ഗ്രഹിക്കാൻ, കാര്യപ്രാപ്തി വർദ്ധിപ്പിക്കാൻ, കാര്യശേഷിയും കർമ്മകുശലതയും മെച്ചപ്പെടുത്താൻ നമ്മുടെ വിദ്യാർത്ഥികളെ സഹായിക്കുക, പഠന സമ്പ്രദായങ്ങളിൽ സമഗ്രമായ മാറ്റം കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇൻഡസ്ട്രി ഓൺ കാമ്പസ് എന്ന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. കാമ്പസിന്റ മതിൽക്കെട്ടിന്റെ പുറത്തുള്ള സമൂഹത്തിന്റെ തീക്ഷ്ണമായ പ്രശ്നങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന് ഉത്തരമായാണ് പോളിടെക്നിക്കിലെ വിദ്യാർത്ഥികളുടെ ഇടപെടലെന്ന് മന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാടിന് ചേർന്ന സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ട് നമ്മുടെ അടിസ്ഥാന മേഖലകളിൽ എങ്ങനെ അർത്ഥപൂർണമായ ഇടപെടലുകൾ നടത്താൻ കഴിയും എന്നതാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് നാം ഏറ്റവും കൃത്യമായി പരീക്ഷിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സത്യഭാമ, ഐ.ഐ.ഐ. സി ജോ.ഡയറക്ടർമാരായ ആർ ആശാലത, ജെ.എസ് സുരേഷ് കുമാർ, ജി.ഇ.സി പ്രിൻസിപ്പൽ പി സി രഘുരാജ്, ടി.എച്ച്.എസ് സുപ്രണ്ട് പത്മ, അലൂമിനി അസോസിയേഷൻ സെക്രട്ടറി കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു. പോളിടെക്നിക് സ്കീം സീനിയർ ജോ.ഡയറക്ടർ എം.രാമചന്ദ്രൻ സ്വാഗതവും പ്രിൻസിപ്പൽ പി.കെ അബ്ദുൾ സലാം നന്ദിയും പറഞ്ഞു