road
റോഡ്

@ ആർ.ആർ പാക്കേജ് ഉടൻ അംഗീകരിക്കണം : ആക് ഷൻ കമ്മിറ്രി

കോഴിക്കോട് : ഭൂമി ഏറ്റെടുക്കാൻ അവശേഷിക്കുന്നവരുടെ നഷ്ടപരിഹാരത്തുകയുടെ റീ-സെറ്റിൽമെന്റ് ആൻഡ് റിഹാബിലിറ്റേഷൻ (ആർ.ആർ) പാക്കേജിന് ലാൻഡ് റവന്യു കമ്മിഷണറുടെ അംഗീകാരം ലഭിക്കാത്തത് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം വൈകിപ്പിക്കുന്നു. ഏറെ വൈകിയ പദ്ധതി സാങ്കേതികക്കുരുക്കിൽ പെട്ടു കിടക്കുന്നതിനെതിരെ ആക് ഷൻ കമ്മിറ്രി രംഗത്തെത്തി. പാക്കേജിന് ഉടൻ അംഗീകാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആക് ഷൻ കമ്മിറ്രി സർക്കാരിനോടാവശ്യപ്പെട്ടു. മാസങ്ങളായി പാക്കേജിന് അംഗീകാരം നൽകാതെ ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയത് ദുരൂഹമാണെന്ന് കമ്മിറ്റി ആരോപിച്ചു. മുമ്പും പലതവണ റോഡ് വികസനം അട്ടിമറിക്കാനും താമസിപ്പിക്കാനും ഉയർന്ന ഉദ്യോഗസ്ഥ തലത്തിൽ നടന്ന ശ്രമങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഏതാനും ഭൂമിയിൽ അവകാശത്തർക്കമുണ്ടെന്ന പേരിൽ മൊത്തം പദ്ധതിതന്നെ അനിശ്ചിതമായി നീണ്ടുപോകുന്നത് നീതീകരിക്കാനാവില്ല. പദ്ധതി വീണ്ടും ബോധപൂർവം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

15 വർഷങ്ങൾക്ക് മുമ്പ് 2008 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ് മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം. 15 വർഷത്തിനുശേഷവും ഇഴഞ്ഞാണ് നീങ്ങുന്നത്. 2012 മുതൽ ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണന്റെ നേതൃത്വത്തിൽ ആക് ഷൻ കമ്മിറ്രി നടത്തിയ ബഹുജന സമരങ്ങളുടെ ഫലമായാണ് ഈ പദ്ധതി വെളിച്ചം കണ്ടത്.

റോഡ് വികസന പ്രവൃത്തി എത്രയും വേഗം തുടങ്ങണമെന്നാണ് ആക് ഷൻ കമ്മിറ്രിയുടെ ആവശ്യം. 2008ലാണ് റോഡ് വികസിപ്പിക്കുന്ന വിഷയം ബഡ്ജറ്റ് പ്രഖ്യാപനമായി വന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെയുള്ള നടപടികൾ വൈകി. ഒടുവിൽ പദ്ധതി നഷ്ടപ്പെടുമെന്ന് വന്നപ്പോൾ പ്രദേശവാസികൾ ആക് ഷൻ കമ്മിറ്രി രൂപീകരിച്ച് പ്രക്ഷോഭത്തിലേക്ക് വന്നു. 2012 മുതൽ ചരിത്രകാരൻ എം.ജി.എസ് നാരായണന്റെ നേത്വത്തിൽ ആക് ഷൻ കമ്മിറ്രി നിരവധി സമരങ്ങൾ നടത്തി. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശം വന്നു. ഉമ്മൻചാണ്ടി സർക്കാർ 64 കോടി രൂപ വകയിരുത്തി. പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ 281 കോടി അധികം അനുവദിച്ചു. 345 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിന് ആകെ അനുവദിച്ചത്. റോഡ് പ്രവൃത്തിക്ക് ആവശ്യമായ 131.21 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയെങ്കിലും തുടർ നടപടികൾക്ക് വേഗം പോര.

@ ആക് ഷൻ കമ്മിറ്രി യോഗം ചേർന്നു

റോഡ് വികസനത്തിനുള്ള പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ ആക് ഷൻ കമ്മിറ്രി യോഗം ചേർന്നു. വർക്കിംഗ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, സുനിൽ ഇൻഫ്രെയിം, പ്രദീപ് മാമ്പറ്റ, എൻ.ഭാഗ്യനാഥ്, കെ.പി.സലിം ബാബു, ടി.ടി.നാസർ, പി. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.