d

എം.ടി വാസുദേവൻ നായർ കഴിഞ്ഞ ദിവസം കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടത്തിയ പ്രഭാഷണം മലയാളികൾക്കിടയിൽ കൊടുങ്കാറ്റു പോലെ വീശിയടിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിയാക്കി എം.ടി.വാസുദേവൻനായർ നടത്തിയ രാഷ്ട്രീയവിമർശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിഷ്പക്ഷമായും നിരവധിയായ അഭിപ്രായങ്ങളാണ് ഉയരുന്നത്.


എം.ടി പ്രഭാഷണത്തിന് പുറപ്പെടുന്ന തലേദിവസം അദ്ദേഹത്തെ വീട്ടിൽപോയി സന്ദർശിച്ചതിന്റെ നേരനുഭവം എം.ടിയുടെ അടുത്ത സുഹൃത്തും സാഹിത്യ നിരൂപകനുമായ എൻ.ഇ. സുധീർ ഇന്നലെ ഫേസ്ബുക്കിൽകുറിച്ചിരുന്നു.
' ഇന്നലെ വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ കെ.എൽ.എഫ് ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എം.ടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. പരിപാടി കഴിഞ്ഞ് വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു.
' ഞാൻ വിമർശിക്കുകയായിരുന്നില്ല . ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്. '
തന്റെ കാലത്തെ രാഷ്ട്രീയയാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല...' സുധീർ കുറിച്ചു.

സച്ചിദാനന്ദൻ

മുഖസ്തുതി കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന് ചേർന്നതല്ല. വ്യക്തി പൂജ ജനാധിപത്യത്തിന്റെ ഭാഗമല്ല. എം.ടി പറഞ്ഞത് അതിലേക്കുള്ള സൂചനയും ആകാം. നരേന്ദ്ര മോദി ഭരണത്തെ കേരളത്തിലെ സാഹചര്യവുമായി താരതമ്യപ്പെടുത്താൻ കഴിയില്ല. എം.ടി പറഞ്ഞത് ഒരു പൊതു പ്രസ്താവനയാണ്. അതിന് പല വ്യാഖ്യാനങ്ങൾ നൽകാം. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ള മുന്നറിയിപ്പുകൂടി അതിൽ ഉണ്ട്. വ്യക്തിപൂജയ്ക്ക് വിധേയരാവുന്ന നേതാക്കൾതന്നെ അത് തിരുത്താൻ അണികളോട് പറയാൻ തയ്യാറാവണം.

സക്കറിയ

വീരാരാധന എല്ലാ സമൂഹത്തിലും പ്രശ്‌നമാണ്, അങ്ങനെയാണ് ഹിറ്റ്‌ലർ പോലും ഉണ്ടായത്. എം.ടി അദ്ദേഹത്തിന് പറയാനുള്ള ഒരു വിഷയം പറഞ്ഞു, പ്രസക്തമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്. വ്യക്തി പൂജക്കെതിരെ താനും എഴുതിയിട്ടുണ്ട്. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏത് പൗരനും ആരെയും വിമർശിക്കാം. എന്നാൽ ഇവിടെ ആരും അത് ചെയ്യുന്നില്ല. വീരാരാധനകളിൽ പെട്ടു കിടക്കുന്ന ഒരു മണ്ടൻ സമൂഹമാണ് നമ്മുടേത്.

എൻ.എസ്.മാധവ

കോഴിക്കോട്ടെ സാഹിത്യോത്സവത്തിൽ എം.ടി.വാസുദേവൻനായർ വിമർശിച്ചത് സി.പി.എമ്മിനെയും സർക്കാരിനെയുമാണ്. എം.ടി ഒരുക്കിയത് ഒരു വലിയ അവസരമാണ്. ആ വിമർശനം ഉൾക്കൊണ്ട് ആത്മ പരിശോധന നടത്തുമെന്നാണ് പ്രതീക്ഷ.
എം.ടി.പറഞ്ഞത് ഇ.എം.എസിന്റെ ഉദാഹരണമാണ്. ഇ.എം.എസിന്റെ അജണ്ട അപൂർണമാണ്. ഒരു ആൾക്കൂട്ടത്തെ സമൂഹമാക്കുന്നതിൽ ഇ.എം.എസ് എങ്ങനെ ശ്രമിച്ചുവെന്നാണ് അടിവരയിട്ട് പറഞ്ഞത്. കേരളത്തിലെ ഇടതുപക്ഷത്തെ ആത്മപരിശോധന നടത്തിക്കാൻ എം.ടിയുടെ വിമർശനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസന്നിഗ്ധമായി ഇടതുപക്ഷത്തെ തന്നെയാണ് വിമർശിച്ചത്. എം.ടി വലിയൊരു അവസരമാണ് തന്നിട്ടുള്ളത്. ഇതിനെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മാധ്യമങ്ങളുടെ ട്വിസ്റ്റും ഒന്നുമില്ലാതെ സ്വീകരിക്കണം.

എം.കെ.സാനു

പിണറായിയുടെ ഭരണത്തെക്കുറിച്ചുകൂടി എം.ടി ഉദ്ദേശിച്ചിരിക്കാം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പറഞ്ഞതുകൊണ്ടാണ് അങ്ങനെ കരുതുന്നത്. എന്നാൽ ആരെയാണ് ഉദ്ദേശിച്ചതെന്ന് കൃത്യമായി പറയാൻ എം.ടിക്ക് മാത്രമേ സാധിക്കൂ. പൊതുവിൽ രാജ്യത്ത് കാണുന്ന സ്വേച്ഛാധിപത്യ പ്രവണതകളെക്കുറിച്ചുകൂടി എം.ടി ഉദ്ദേശിച്ചിരിക്കാം.

അശോകൻ ചെരുവിൽ

എം.ടി.വാസുദേവൻ നായർ പ്രസംഗിക്കുമ്പോൾ ഞാൻ സദസ്സിലുണ്ടായിരുന്നു. സമൂഹത്തെക്കുറിച്ചും രാജ്യത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അമിതാധികാരത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ അഭിമാനത്തോടെയാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്. മനുഷ്യാനുഭവങ്ങളെ അടുത്തു കാണുന്ന ഒരെഴുത്തുകാരൻ പറയേണ്ട വാക്കുകളാണത്.
എന്നാൽ രാജ്യത്ത് രൂപപ്പെട്ടു വരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ വേദിയിൽ ഉൽഘാടകനായി എത്തിയ സംസ്ഥാന മുഖ്യമന്ത്രിക്ക് എതിരായിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കാനുള്ള ഒരു നികൃഷ്ട മാധ്യമശ്രമം നടന്നു കാണുന്നു. ആടിനെ പട്ടിയാക്കുന്ന പ്രാചീനതന്ത്രമാണത്. അതിൽ അത്ഭുതമില്ല. പക്ഷേ അത്തരം നീക്കങ്ങൾക്ക് മഹാനായ എം ടി.യെ ഉപകരണമാക്കിയത് തികഞ്ഞ മര്യാദകേടാണ്.

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയിലായിരുന്നു എം.ടിയുടെ വിവാദ പ്രസംഗം. ഇ.എം.എസിനെപ്പോലൊരു നേതാവ് കാലത്തിന്റെ ആവശ്യമാണെന്നായിരുന്നു എം.ടിയുടെ പ്രസംഗത്തിന്റെ കാതൽ. തെറ്റുപറ്റിയാൽ തിരുത്താനും സമ്മതിക്കാനും കഴിയുന്നൊരു നേതാവ്. അതുകൊണ്ടാണ് ഇ.എം.എസ് മഹാനായ നേതാവായതെന്നും എം.ടി പറഞ്ഞു. അധികാരം എന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മൾ കുഴിവെട്ടി മൂടി. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി. ചൂണ്ടിക്കാട്ടുകയുണ്ടായി.

( തയ്യാറാക്കിയത് : കെ.പി.സജീവൻ)