udf
udf

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഞെളിയംപറമ്പിൽ ബയോമൈനിംഗ്, ക്യാപ്പിംഗ് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക് കമ്പനി വൻ പരാജയമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ അവരുമായുള്ള കരാർ റദ്ദ് ചെയ്യണമെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി നിവേദനം വഴി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷിനോട് അഭ്യർത്ഥിച്ചു.

2019 ൽ കെ.എസ് .ഐ. ഡി .സിയുമായിബന്ധപ്പെട്ട് കരാറിൽ ഏർപ്പെട്ട സോണ്ടാ കമ്പനി പ്രവൃത്തി പൂർത്തീകരിച്ചില്ല. ഒരു വർഷത്തെ കാലാവധിയിൽ കരാർ നിശ്ചയിച്ചെങ്കിലും നാലുവർഷം പിന്നിടുമ്പോഴും പ്രവൃത്തി 50 ശതമാനത്തിൽ താഴെ മാത്രമാണ്. അതുകൊണ്ടുതന്നെ ഈ കരാർ റദ്ദ് ചെയ്യണം. അവർക്ക് ഇതിനകം അധികം നൽകിയ ജി. എസ്. ടി തുക 27 ലക്ഷം തിരിച്ചുപിടിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ പറഞ്ഞു.

കെ.സ്മാർട്ട് പദ്ധതി ജനുവരി ഒന്നു മുതൽ നടപ്പാക്കിയതോടെ കോർപ്പറേഷൻ ഓഫീസ് പ്രവർത്തനം സ്തംഭനാവസ്ഥയിലാണ്. നൂറുകണക്കിനാളുകൾ ഓഫീസിൽ നിന്നും നിരാശരായി മടങ്ങുന്നു. ഈ സാഹചര്യത്തിൽ പദ്ധതി സമ്പൂർണമായി നടപ്പാക്കുന്നത് വരെ നേരത്തെയുള്ള സമ്പ്രദായം തുടരാൻ അനുമതി നൽകണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചു യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ .സി. ശോഭിത ,ഡെപ്യൂട്ടി ലീഡർ കെ. മൊയ്തീൻകോയ ,വിപ്പ് എസ് .കെ. അബൂബക്കർ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.