1

വടകര: ഗാന്ധിജിയുടെ ഓർമകളെ കുഴിച്ചുമൂടാനുളള ആസൂത്രിത നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മഹാത്മാ ഗാന്ധിയുടെ വടകര സന്ദർശനത്തിന്റെ 90ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രം ഫാസിസത്തിന്റെ ഭീതിയിലാണ്. പക്ഷേ ഏത് രാഷ്ടീയ പ്രതിസന്ധികളേയും മറികടക്കാനുളള സമരമാർഗ്ഗങ്ങൾ ലോകത്തിന് സമ്മാനിച്ച ഗാന്ധിജിയുടെ ഗാന്ധിമാർഗ്ഗത്തിലൂടെ രാജ്യത്ത് മത നിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.എൻ.കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.

ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കാൻ 1934 ജനുവരി 13നാണ് ഗാന്ധിജി വടകരയിൽ സന്ദർശിച്ചത്. ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കുന്നതിനിടെ വടകരയിലെത്തിയ ഗാന്ധിജിക്ക് 16 കാരിയായ കൗമുദിയും ഇരിങ്ങൽ സ്വദേശി മാണിക്യവും ആഭരണങ്ങൾ നൽകിയതിന്റെ ഓർമ പുതുക്കൽ കൂടിയാണ്. ചടങ്ങിൽ അഡ്വ. ഐ.മൂസ അദ്ധ്യക്ഷനായി. മനയത്ത് ചന്ദ്രൻ ,എം.സി ഇബ്രാഹിം, ഹരീന്ദ്രൻ കരിമ്പനപ്പാലം എന്നിവർ പ്രസംഗിച്ചു.

കോട്ടപ്പറമ്പ് മൈതാനത്തിന് ഗാന്ധിജിയുടെ പേര് നൽകണം

വടകര: ഗാന്ധിജിയുടെ സന്ദർശനത്താൽ ചരിത്ര പ്രസിദ്ധമായ വടകര കോട്ടപ്പറമ്പിന് ഗാന്ധിജിയുടെ പേര് നൽകി ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന് മനയത്ത് ചന്ദ്രൻ ആവശ്യപ്പെട്ടു. ഗാന്ധി സന്ദർശനത്തിന്റെ നവതി ആഘോഷ വേദിയിലാണ് ആവശ്യം ഉന്നയിച്ചത്.