p

കോഴിക്കോട്: കെ.എൽ.എഫ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയെ ഇരുത്തി എം.ടി. വാസുദേവൻ നായർ അഴിച്ചുവിട്ട രാഷ്‌ട്രീയ വിമർശനം ആളിക്കത്തിച്ച് എം. മുകുന്ദനും.

ജനാധിപത്യത്തിൽ കിരീടത്തിനല്ല പ്രാധാന്യം. സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവർ അവിടെ നിന്ന് എഴുന്നേൽക്കില്ല. അവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ, ജനങ്ങൾ വരുന്നുണ്ടെന്നാണ് - കെ.എൽ.എഫ് വേദിയിൽ എം. മുകുന്ദൻ വിമർശിച്ചു

കിരീടങ്ങൾ വാഴുന്ന കാലത്താണ് നമ്മളിപ്പോൾ. കിരീടത്തേക്കാൾ വലുതാണ് ഒരുതുള്ളി ചോര. നിർഭാഗ്യവശാൽ കിരീടമാണ് ശക്തി ആർജിക്കുന്നത്. ചോരയുടെ പ്രാധാന്യം കുറയുന്നു. അതിനെ കുറിച്ച് നമുക്ക് അവബോധം ഉണ്ടാവണം. ഒരുതുള്ളി ചോരയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും. വോട്ട് ചെയ്ത് ചോരയുടെ പ്രാധാന്യം അടയാളപ്പെടുത്തണം. കിരീടം അപ്രസക്തമാവണം. തിരഞ്ഞെടുപ്പ് വൈകാതെ വരും. അപ്പോൾ ഈ വാചകം ഓർക്കാം - അദ്ദേഹം പറഞ്ഞു

തന്റെ പരാമർശം എല്ലാ അധികാരികൾക്കും ബാധകമാണെന്ന് എം. മുകുന്ദൻ പിന്നീട് മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. സിംഹാസനത്തിനല്ല ജനങ്ങൾക്കാണ് വില എന്ന സന്ദേശമാണ് നൽകുന്നത്. ജനങ്ങൾക്കല്ല വില എന്ന് കരുതുന്നവർ ഉണ്ട്. സിംഹാസനത്തിലേക്കുള്ള യാത്ര എളുപ്പമല്ല. അത് വളരെ ദുർഘടമായ യാത്രയാണ്. ഒരുപാട് കഷ്ടപ്പെട്ട് ഊണും ഉറക്കവും നഷ്ടപ്പെട്ട് ചോര ചിന്തിയാണ് സിംഹാസനത്തിൽ എത്തുന്നത്. അതിൽ ഇരുപ്പുറപ്പിച്ചാൽ വന്ന വഴികൾ മറക്കുന്നു. ഏത് വ്യവസ്ഥിതിയിലും വിമർശനം ആവശ്യമാണെന്ന് എം.ടിയുടെ പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് മുകുന്ദൻ പറഞ്ഞു.

ജനാധിപത്യത്തിൽ വിമർശനത്തിന് ഇടം വേണം. പലർക്കും സഹിഷ്ണുതയില്ല. വിമർശിക്കാൻ ആളുകൾ മടിക്കുന്നത് അതുകൊണ്ടാണ്. എഴുത്തുകാർ പോലും വിമർശിക്കാൻ മടിക്കുന്നു. സക്രിയമായ വിമർശനം ഉണ്ടെങ്കിലേ ജനാധിപത്യം വളരൂ. നിർഭയം വിമർശിക്കാനുള്ള ഇടം ഇന്ത്യയിൽ എവിടെയും ഉണ്ടാവണം. കേരളത്തിലും വേണം. ചോര ഒഴുക്കാൻ അവസരം ഒരുക്കരുത്.

വ്യക്തി പൂജ ഏത് പാർട്ടിയായാലും വേണ്ട. ഇ.എം.എസിനെ എല്ലാ നേതാക്കളും മാതൃകയാക്കണം. നേതൃസ്തുതികളിൽ അഭിരമിക്കുന്ന നേതാക്കളെയല്ല വേണ്ടത്. അത്തരക്കാർ ഇവിടെ ഉണ്ടെന്നല്ല പറയുന്നത്. കേരള സർക്കാർ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ചില കാര്യങ്ങളിൽ ഇടർച്ച പറ്റുന്നുണ്ട്. അത് ചൂണ്ടിക്കാട്ടാനാണ് എഴുത്തുകാരെന്നും അദ്ദേഹം പറഞ്ഞു.