kaduva
കടുവ

സുൽത്താൻ ബത്തേരി: കഴിഞ്ഞയാഴ്ച 21 പന്നി കുഞ്ഞുങ്ങളെ പിടികൂടിയ മൂടക്കൊല്ലി കരികുളത്ത് ശ്രീനേഷിന്റെ പന്നി ഫാമിൽ നിന്ന് ഇന്നലെ അഞ്ച് പന്നിക്കുഞ്ഞുങ്ങളെക്കൂടി കുടുവ പിടികൂടി. നാലരമാസം പ്രായമുള്ളവയാണ് പന്നിക്കുഞ്ഞുങ്ങൾ. പന്നിയെ പിടികൂടി പ്രദേശത്ത് കഴിഞ്ഞുവരുന്നത് ഡബ്ല്യു.ഡബ്ല്യു.എൽ 39 എന്ന പെൺകടുവയാണെന്ന് വനം വകുപ്പ് തിരിച്ചറിഞ്ഞു. പുല്ലരിയാൻപോയ ക്ഷീരകർഷകനായ മൂടക്കൊല്ലി മരോട്ടിക്കത്തറപ്പിൽ പ്രജീഷിനെ കടുവ പിടികൂടിയതിന്റെ ഒരു കിലോമീറ്റർ മാറിയാണ് പന്നിക്കുഞ്ഞുങ്ങളെ പിടികൂടിയത്.

ഫാം തകർത്താണ് കടുവ പന്നിക്കുഞ്ഞുങ്ങളെ പിടികൂടിയത്. കൂട് തകർത്ത് അകത്ത് കടന്ന് പന്നികളെ പിടികൂടി വനാതിർത്തിയിൽ കൊണ്ടുപോയാണ് ഭക്ഷിച്ചത്. ഇവിടെ പന്നിയുടെ ശരീരാവശിഷ്ടങ്ങൾ ചിതറികിടക്കുന്നുണ്ട്. പന്നിഫാമിലും പന്നിയുടെ ജഡം കിടന്നിടത്തും കടുവയുടെ കാലിന്റെ അടയാളം വ്യക്തമായി തെളിഞ്ഞുകിടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച 21 പന്നിക്കുഞ്ഞുങ്ങളെ കടുവ പിടികൂടിയപ്പോൾ പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും കൂട്ടിൽ കയറാതെ മേഖലയിൽ കറങ്ങി നടക്കുകയാണ് കടുവ.
കഴിഞ്ഞയാഴ്ച 21 പന്നി കുഞ്ഞുങ്ങളെ കടുവ പിടികൂടിയപ്പോൾതന്നെ പ്രദേശത്ത് ജനരോഷമുയർന്നിരുന്നു. പ്രജീഷിനെ കൊന്ന കടുവയെ പിടികൂടിയെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ സിസിയിൽ സുരേന്ദ്രന്റെയും താഴെ അരിവയലിൽ വർഗീസിന്റെ ആടിനെയും കടുവ പിടികൂടിയതോടെ വാകേരി കൂടല്ലൂർ മേഖലയിൽ വെറെയും കടുവയുണ്ടെന്ന് അന്നേ സ്ഥിരികരിക്കുകയുണ്ടായി. അതിനിടെ കടുവയെ പകൽ സമയങ്ങളിലും ജനവാസ കേന്ദ്രത്തിൽ കാണുകയും ചെയ്തു. 21 പന്നിക്കുഞ്ഞുങ്ങളെ ഫാം തകർത്ത് കടുവ പിടികൂടിയതോടെ ജനങ്ങൾ വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങി. കടുവയെ ഉടൻ പിടികൂടണമെന്ന ആവശ്യമുന്നയിച്ചായിരുന്നു വനംവകുപ്പിനെതിരെ പ്രതിഷേധം. വനപാലകരെ തടഞ്ഞുവെയ്ക്കുകയും ജോലിചെയ്യുന്നതിന് തടസം സൃഷ്ടിക്കുകയും ചെയ്തുവെന്ന് കാണിച്ച് വനം വകുപ്പ് പ്രദേശത്തെ ആളുകൾക്കെതിരെ കേണിച്ചിറ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സ്ഥലത്തില്ലാത്ത ആളുകളുടെ പേരിൽ പോലും വനം വകുപ്പ് പരാതി നൽകിയെന്നാരോപിച്ച് മൂടക്കൊല്ലി മേഖലയിലെ ജനങ്ങൾ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരുകയും ചെയ്തു. അതിനിടെ പന്നി ഫാമിന് സമീപത്തായി കടുവയെ പിടികൂടുന്നതിനായി കൂടും സ്ഥാപിച്ചു.

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗനിർദേശപ്രകാരം കടുവയെ പിടികൂടുന്നതിനുള്ള നടപടികൾ തുടർന്നുവരികയാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. വാകേരി, മൂടക്കൊല്ലി, സിസി മേഖല ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലാണ് കടുവ വിഹരിച്ചുവരുന്നത്. തുടർച്ചയായി പന്നിക്കുഞ്ഞുങ്ങളെ പിടികൂടിയതോടെ മേഖലയിലെ ജനങ്ങൾ വീണ്ടും ഭയവിഹ്വലരായി തീർന്നിരിക്കുകയാണ്.